LiveTV

Live

Cricket

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓംബുഡ്സ്മാന്‍

‘ഓംബുഡ്സ്മാനെന്ന നിലയില്‍ കെ.സി.എ ഭാരവാഹികളുടെ താല്‍പര്യത്തിന് വിരുദ്ധമായി ചില കേസുകളില്‍ വിധി പറഞ്ഞിരുന്നു’

കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓംബുഡ്സ്മാന്‍

കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഓംബുഡ്സ്മാന്‍ ജസ്റ്റിസ് വി രാംകുമാര്‍. കെ.സി.എ ഭാരവാഹികളുടെ സ്ഥാപിത താല്‍പര്യത്തിന് വഴങ്ങാത്തത് കൊണ്ടാണ് തന്നെ സ്ഥാനത്ത് നിന്ന് മാറ്റിയത്. കലൂര്‍ സ്റ്റേഡിയത്തിലെ ഓംബുഡ്സ്മാന്‍ ഓഫീസില്‍ കെ.സി.എ ഭാരവാഹികള്‍ പൂട്ട് തകര്‍ത്ത് അതിക്രമിച്ച് കയറിയെന്നും വി രാംകുമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി ശ്രീജിത് വി.നായര്‍ എന്നിവരെ പേരെടുത്ത് കുറ്റപ്പെടുത്തിക്കൊണ്ടാണ് ജസ്റ്റിസ് വി.രാംകുമാര്‍‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ നടത്തിപ്പ് ശരിയായ രീതിയിലല്ല. ഒക്ടോബര്‍ 14ന് ജയേഷ് ജോര്‍ജിനെതിരായ അഴിമതിക്കേസില്‍ അന്തിമവാദം കേള്‍ക്കാനിരിക്കെയാണ് തന്നെ തിരക്കിട്ട് മാറ്റിയത്. സെക്രട്ടറി ശ്രീജിത് വി.നായരുടെ കള്ളക്കളികള്‍ കണ്ടു പിടിച്ചതും തന്നെ നീക്കാന്‍ കാരണമായി.

ഓംബുഡ്സ്മാനെന്ന നിലയില്‍ കെ.സി.എ ഭാരവാഹികളുടെ താല്‍പര്യത്തിന് വിരുദ്ധമായി ചില കേസുകളില്‍ വിധി പറഞ്ഞതും തന്നെ ഒഴിവാക്കാന്‍ കാരണമായതായി ജസ്റ്റിസ് രാംകുമാര്‍ പറയുന്നു. ജയേഷ് ജോര്‍ജ് അടക്കമുള്ള ഭാരവാഹികള്‍ക്കെതിരായ അഴിമതിക്കേസുകളുടെ രേഖകള്‍ സൂക്ഷിച്ചിരുന്ന ഓഫീസിന്റെ പൂട്ട് തകര്‍ത്ത് ഓഫീസിനുള്ളില്‍ കെ.സി.എ ഭാരവാഹികള്‍ അതിക്രമിച്ച് കയറിയെന്ന ഗുരുതരമായ ആരോപണവും സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

കോടതി നിര്‍ദേശിച്ചാല്‍ ഇപ്പോള്‍‍ പരിഗണിച്ചു കൊണ്ടിരിക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ തയാറാണെന്നും ജസ്റ്റിസ് വി.രാംകുമാര്‍ വ്യക്തമാക്കി. പുതിയ ഓംബുഡ്സ്മാനെ നിയമിച്ചതിനെതിരെ കെ.സി.എ അംഗങ്ങള്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് വി രാംകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.