LiveTV

Live

Cricket

കണക്കുകള്‍ പറയുന്നു... സാഹയാണ് ഏറ്റവും മികച്ച കീപ്പര്‍

ബൗളറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് സാഹയുടെ ഇത്തരം പ്രകടനങ്ങള്‍...

കണക്കുകള്‍ പറയുന്നു... സാഹയാണ് ഏറ്റവും മികച്ച കീപ്പര്‍

ബാറ്റ്‌സ്മാന്‍ നല്‍കുന്ന ചെറിയൊരു അവസരം പോലും മുതലാക്കുന്നതില്‍ സാഹയോളം മിടുക്ക് നിലവില്‍ ലോകത്തെ മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കുമില്ല. വിക്കറ്റ് കീപ്പിംങില്‍ ഇന്ത്യക്ക് ലഭിക്കുന്ന വൈകിവന്ന വസന്തമാവുകയാണ് 35കാരനായ വൃദ്ധിമാന്‍ സാഹ. വൃദ്ധിമാന്‍ സാഹയാണ് കീപ്പറെങ്കില്‍ ബാറ്റ്‌സ്മാന്റെ കാര്യം 'സ്വാഹ'യെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും രണ്ട് ഗംഭീര കാച്ചുകള്‍ സാഹ എടുത്തിട്ടുണ്ട്. ഉമേഷ് യാദവിന്റെ പന്തില്‍ ഡി ബ്രുയിനെ പറന്നു പിടിച്ചതാണ് ഇതില്‍ മികച്ചത്. ഒന്നാം സ്ലിപ്പിലെ പുജാരയുടെ നേരെ പോവുകയായിരുന്ന പന്താണ് സാഹ കൈപിടിയിലാക്കിയത്. ഇതോടെ മൂന്നാം വിക്കറ്റ് സ്വന്തമാക്കിയ ഉമേഷ് യാദവിനെ ടെസ്റ്റിലേക്കുള്ള തിരിച്ചുവരവിനുകൂടിയായിരുന്നു സാഹ സഹായിച്ചത്. ബൗളറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് സാഹയുടെ ഇത്തരം പ്രകടനങ്ങള്‍.

ക്രിക്കറ്റ് വെബ് സൈറ്റായ CricVizആണ് കണക്കുനിരത്തി സാഹയുടെ കഴിവ് വെളിപ്പെടുത്തുന്നത്. പേസ് ബൗളര്‍മാരുടെ പന്തുകളില്‍ ബാറ്റ്‌സ്മാന്മാര്‍ നല്‍കിയ അവസരങ്ങളില്‍ 96.9 ശതമാനവും സാഹ വിക്കറ്റായി തിരിച്ചു നല്‍കി. ഇത് സമകാലിക ക്രിക്കറ്റില്‍ കീപ്പര്‍മാരിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സമാന അവസരങ്ങളില്‍ ഋഷഭ് പന്ത് 91.6ശതമാനം കാച്ചുകള്‍ നേടിയിട്ടുണ്ട്. എങ്കിലും പട്ടികയില്‍ ഒമ്പതാമതാണ് പന്ത്. ശ്രീലങ്കയുടെ നിരോഷന്‍ ഡിക്‌വേല 95.5%വുമായി സാഹക്ക് പിന്നിലുണ്ട്. ഇംഗ്ലീഷ് കീപ്പര്‍ ബെയര്‍‌സ്റ്റോയാണ്(95.2%) മൂന്നാമത്.