LiveTV

Live

Cricket

ദക്ഷിണാഫ്രിക്ക് ബാറ്റിംങ് തകര്‍ച്ച, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 275ന് പുറത്തായി. ആദ്യ ഇന്നിംങ്‌സില്‍ ഇതോടെ ഇന്ത്യക്ക് 326 റണ്‍സിന്റെ മുന്‍തൂക്കമായി...

ദക്ഷിണാഫ്രിക്ക് ബാറ്റിംങ് തകര്‍ച്ച, ഇന്ത്യക്ക് കൂറ്റന്‍ ലീഡ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംങ് തകര്‍ച്ച. ആദ്യം ബാറ്റു ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയ(601/5ഡി) ഇന്ത്യക്കെതിരെ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 275ന് പുറത്തായി. ആദ്യ ഇന്നിംങ്‌സില്‍ ഇതോടെ ഇന്ത്യക്ക് 326 റണ്‍സിന്റെ മുന്‍തൂക്കമായി.

3ന് 36 റണ്‍ എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ നിലയുറപ്പിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സമ്മതിച്ചില്ല. ക്യാപ്റ്റന്‍ ഡുപ്ലെസി(64)യും വാലറ്റത്ത് ഫിലാണ്ടറും(44*) മഹാരാജുമാണ്(72) ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തു നിന്നത്. ഇന്ത്യക്കുവേണ്ടി അശ്വിന്‍ നാല് വിക്കറ്റുകളും ഉമേഷ് യാദവ് മൂന്നും ഷമി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. 200ലേറെ റണ്‍സിന്റെ ലീഡ് ഉള്ളതിനാല്‍ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണ്‍ ചെയ്യിക്കണോ വേണ്ടയോ എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് തീരുമാനിക്കാം.

ഒരവസരത്തില്‍ 8ന് 162 എന്ന നിലയിലേക്ക് തകര്‍ന്ന ദക്ഷിണാഫ്രിക്കക്ക് ആശ്വാസമായത് ഒമ്പതാം വിക്കറ്റില്‍ ഫിലാണ്ടറിന്റേയും(44*) മഹാരാജിന്റേയും(72) ബാറ്റിംങാണ്. 109 റണ്‍സ് കൂട്ടു ചേര്‍ത്ത ഒമ്പതാം വിക്കറ്റ് സഖ്യം തകര്‍ത്തത് അശ്വിനാണ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിംങ്‌സിലെ തന്നെ ഇന്ത്യ ഏറ്റവും കാത്തിരുന്ന വിക്കറ്റായിരുന്നു അത്. 21 ഓവറാണ് ഈ കൂട്ടുകെട്ട് ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമ ഇവര്‍ പരീക്ഷിച്ചത്.

കേശവ് മഹാരാജിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറാണ് പൂനെയില്‍ നേടിയത്. കഴിഞ്ഞ വര്‍ഷം ജോഹന്നാസ്ബര്‍ഗില്‍ വെച്ച് ആസ്‌ട്രേലിയക്കെതിരെ നേടിയ 45 റണ്‍സായിരുന്നു ഇതിന് മുന്‍പത്തെ ഉയര്‍ന്ന സ്‌കോര്‍. പതിനൊന്നാമന്‍ റബാഡയെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുക കൂടി ചെയ്തതോടെ ദക്ഷിണാഫ്രിക്കയുടെ ചെറുത്തു നില്‍പ്പ് അവസാനിച്ചു.

ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ലീഡാണ് പൂനെയിലേത്. 2009/10ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ നേടിയ 347 റണ്‍സിന്റെ മുന്‍തൂക്കമാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ ലീഡ്.

നേരത്തെ, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 601 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്. ടെസ്റ്റില്‍ ഏഴാം ഇരട്ട സെഞ്ചുറി നേടിയ കോഹ്‌ലി 336 പന്തില്‍ രണ്ടു സിക്സും 33 ബൗണ്ടറികളുമായി 254 റണ്‍സോടെ പുറത്താകാതെ നിന്നു. ടെസ്റ്റില്‍ കോലിയുടെ ഉയര്‍ന്ന സ്‌കോറാണിത്.

ക്യാപ്റ്റനായുള്ള കോഹ്‌ലിയുടെ 50-ാം ടെസ്റ്റായിരുന്നു ഇത്. ഇതോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡും കോഹ്‌ലിയുടെ പേരിലായി. ആറു വീതം ഇരട്ട സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ തെണ്ടുല്‍ക്കറേയും വീരേന്ദര്‍ സെവാഗിനെയുമാണ് കോഹ്‌ലി പിന്നിലാക്കിയത്. നേരത്തെ, 174 പന്തിലാണ് കോലി തന്റെ 26-ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ടെസ്റ്റ് കരിയറില്‍ 7000 റണ്‍സും കോഹ്‌ലി പൂര്‍ത്തിയാക്കി.

104 പന്തില്‍ രണ്ടു സിക്സും എട്ടു ബൗണ്ടറികളുമായി 91 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ടെസ്റ്റ് സെഞ്ച്വറിയിലേക്കുള്ള കുതിപ്പില്‍ ഒന്‍പതു റണ്‍സ് അകലെ സെനുരന്‍ മുത്തുസ്വാമിയാണ് ജഡേജയെ പുറത്താക്കിയത്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ച ജഡേജ, 104 പന്തില്‍ എട്ടു ഫോറും രണ്ടു സിക്സും സഹിതമാണ് 91 റണ്‍സെടുത്തത്. 156.3 ഓവറിലാണ് ഇന്ത്യ 601 റണ്‍സെടുത്തത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും 225 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 59 റണ്‍സെടുത്ത അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്.