LiveTV

Live

Cricket

പ്രോട്ടീസിനെ പൂട്ടി ഇന്ത്യ; 203 റണ്‍ വിജയം

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 323 റണ്‍സ് എടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു

പ്രോട്ടീസിനെ പൂട്ടി ഇന്ത്യ; 203 റണ്‍ വിജയം

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഗംഭീര വിജയം. 203 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റ് എറിഞ്ഞിട്ട ഷമിയും നാലു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യക്ക് അനായാസ വിജയം ഒരുക്കിയത്. ആദ്യ ഇന്നിങ്സില്‍ ഏഴു വിക്കറ്റെടുത്ത ആര്‍ അശ്വിന്‍ രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ - 502/7d & 323/4d, ദക്ഷിണാഫ്രിക്ക - 431 & 191.

രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ അവസാന ദിവസം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 60 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ഏഴ് വിക്കറ്റ് കൂടി നഷ്ടപ്പെട്ടു. വമ്പന്‍ തോല്‍വിയിലേക്ക് കൂപ്പുകുത്തിയ പ്രോട്ടീസിനെ കൈപിടിച്ചുകയറ്റിയത് വാലറ്റത്ത് മുത്തുസ്വാമിയും പിഡിറ്റും ചേര്‍ന്ന് നടത്തിയ പ്രതിരോധമായിരുന്നു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ കെട്ടിപ്പൊക്കിയ 91 റണ്‍സ് കൂടിയില്ലായിരുന്നുവെങ്കില്‍ ദക്ഷിണാഫ്രിക്ക നാണംകെട്ട തോല്‍വിയില്‍ മുങ്ങിത്താഴുമായിരുന്നു. 56 റണ്‍സെടുത്ത പിഡിറ്റിനെ ഷമി എറിഞ്ഞിട്ടതോടെ മത്സരഫലത്തിന് അധികം താമസമില്ലെന്ന് ഉറപ്പിച്ചു. എന്നാല്‍ റബാദയെ ഒപ്പം കൂട്ടി മുത്തുസ്വാമി വീണ്ടും പ്രതിരോധം ഉയര്‍ത്തിയെങ്കിലും 18 റണ്‍സെടുത്ത റബാദയും ഷമിക്ക് കീഴടങ്ങിയതോടെ പ്രോട്ടീസിന്റെ പരാജയം പൂര്‍ണം. മുത്തുസ്വാമി അര്‍ധ ശതകത്തിലേക്ക് ഒരു റണ്‍സ് അകലെ വെച്ചാണ് റബാദ വീണത്. ഇതോടെ അര്‍ഹിച്ച അര്‍ധ ശതകം മുത്തുസ്വാമിയില്‍ നിന്ന് വഴുതിപോയി.

രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റിന് 323 റണ്‍സ് എടുത്ത് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിതിന്റെ സെഞ്ചുറി ( 127)ക്ക് പുറമേ പൂജാര (81) ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടി. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്‍മാമാര്‍. വിരാട് കൊഹ്‍ലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാദ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.