LiveTV

Live

Cricket

ഡബിള്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും ഹീറോയായി രോഹിത്

ടെസ്റ്റില്‍ ക്ലിക്കാവുന്നൊരു ഓപ്പണിങ് കൂട്ടുകെട്ട് അഭാവം ഇന്ത്യയെ വല്ലാതെ അലട്ടുന്ന വേളയിലായിരുന്നു രോഹിതിന്റെ സ്ഥാനക്കയറ്റം.

ഡബിള്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും ഹീറോയായി രോഹിത്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനമായ ഇന്ന് വിശാഖപ്പട്ടണത്തേക്ക് ഏവരും നോക്കിയത് രോഹിത് ശര്‍മ്മയുടെ ബാറ്റിലേക്കായിരുന്നു. ഓപ്പണറായി അരങ്ങേറി സെഞ്ച്വറിയടിച്ച താരം ഇന്ന് ഡബിള്‍ സെഞ്ച്വറി അടിക്കുമോ എന്നതിലായിരുന്നു ആകാംക്ഷ. ആദ്യ ദിവസത്തില്‍ നിന്ന് ഭിന്നമായി വേഗതയിലായിരുന്നു രോഹിതിന്റെ ബാറ്റിങ്. താരം 150 പിന്നിട്ടതോടെ ആകാംക്ഷ ഏറി.

ടെസ്റ്റിലെ രോഹിതിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 177 പിന്നിടാനുള്ള കാത്തിരിപ്പായി. എന്നാല്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഒരു റണ്‍സ് അകലെ രോഹിത് വീണു. കേശവ് മഹാരാജിന്റെ ബൗളില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് താരത്തെ സ്റ്റമ്പ് ചെയ്യുകയായിരുന്നു. 244 പന്തില്‍ നിന്ന് 23 ബൗണ്ടറിയും ആറ് സിക്‌സറുകളുടെയും ബലത്തിലായിരുന്നു രോഹിത് ശര്‍മ്മയുടെ ഇന്നിങ്‌സ്. ടെസ്റ്റില്‍ ക്ലിക്കാവുന്നൊരു ഓപ്പണിങ് കൂട്ടുകെട്ട് അഭാവം ഇന്ത്യയെ വല്ലാതെ അലട്ടുന്ന വേളയിലായിരുന്നു രോഹിതിന്റെ സ്ഥാനക്കയറ്റം.

മോശമാക്കിയില്ല, മായങ്ക് അഗര്‍വാളിനൊത്ത് ഒരു പിടി റെക്കോര്‍ഡും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്കായി നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് എന്ന റെക്കോര്‍ഡാണ് രോഹിത്-മായങ്ക് സഖ്യം നേടിയത്. തകര്‍ത്തത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണിങ് ജോഡികളായ സെവാഗന്റെയും ഗംഭീറിന്റെയും പേരിലുള്ളതും. അരങ്ങേറ്റ ഓപ്പണര്‍ റോളില്‍ ഇന്ത്യക്കായി സെഞ്ച്വറി കണ്ടെത്തുന്ന നാലാമത്തെ ബാറ്റ്‌സ്മാനാവാനും രോഹിതിനായി.