LiveTV

Live

Cricket

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി അശ്വിനും സാഹയും; പന്ത് പുറത്ത്

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പന്ത് തെരഞ്ഞെടുക്കുന്ന ഷോട്ടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി അശ്വിനും സാഹയും; പന്ത് പുറത്ത്

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വേണ്ടി വിക്കറ്റിന് പിന്നില്‍ വൃദ്ധിമാന്‍ സാഹയായിരിക്കും. റിഷഭ് പന്തിനെ ഒഴിവാക്കുന്നതായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സാഹ ആദ്യ ഇലവനില്‍ ഇടംപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 22 മാസത്തിന് ശേഷമാണ് സാഹ ഒരു രാജ്യാന്തര മത്സരത്തിനിറങ്ങുന്നത്.

കുറച്ച് നാള്‍ മുമ്പ് വരെ ധോണിക്ക് പകരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ആരാകുമെന്ന ചോദ്യത്തിന് ഒരുത്തരമേയുണ്ടായിരുന്നുള്ളു. അത് വൃദ്ധിമാന്‍ സാഹ എന്ന പേരായിരുന്നു. എന്നാല്‍ അപ്രതീക്ഷിത പരിക്ക് സാഹയുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. സാഹക്ക് പകരക്കാരനായി ടീമിലെത്തിയ പന്ത് മികച്ച പ്രകടനങ്ങളിലൂടെ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ കാറ്റ് മാറി വീശിയതോടെയാണ് പന്തിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പന്ത് തെരഞ്ഞെടുക്കുന്ന ഷോട്ടുകള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പന്തിന്റെ ഈ വീഴ്ചയെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമില്‍ താരങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ വലിയ മത്സരവീര്യമാണുള്ളതെന്നും ഒരിക്കല്‍ വീഴ്ച സംഭവിച്ചാല്‍ പിന്നീട് തിരിച്ചുവരവ് കഠിനമായിരിക്കുമെന്നും വിരാട് കൊഹ്‍ലി മുമ്പ് പറഞ്ഞിരുന്നു.

ഇതൊക്കെയാണെങ്കിലും പന്തിന്റെ ഫോം അദ്ദേഹത്തെ ഒഴിവാക്കാനുള്ള കാരണം ആയിരിക്കില്ല. കരുത്തരായ ദക്ഷിണാഫ്രിക്കക്കെതിരെ നിപുണനായ ഒരു വിക്കറ്റ് കീപ്പറെ ടീം തേടുന്നതിന്റെ ഫലം കൂടിയാകും പന്ത് പുറത്തും സാഹ അകത്തുമായതിന് കാരണം. കഴിഞ്ഞ ഡിസംബറിൽ നടന്ന അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പരിക്കേറ്റതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ആർ അശ്വിൻ ആണ് ടീമിലേക്ക് തിരിച്ചെത്തുന്ന മറ്റൊരു താരം. അശ്വിന്‍ പുറത്തുപോയതിന് ശേഷം രവീന്ദ്ര ജഡേജ ഇന്ത്യയുടെ ഏക സ്പിന്നറായിരുന്നു. അന്തിമ ഇലവനില്‍ അശ്വിനും ജഡേജയുമുണ്ടാകും. ഹനുമ വിഹാരിയായിരിക്കും മറ്റൊരു സ്പിന്നര്‍.

ടീം: വിരാട് കൊഹ്‍ലി(നായകന്‍), അജിന്‍ക്യ രഹനെ, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, ഹനുമ വിഹാരി, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി.