LiveTV

Live

Cricket

പെരുമാറ്റദൂഷ്യത്തിന് കോഹ്‍ലിക്ക് ഐ.സി.സിയുടെ താക്കീത്, ഡീമെറിറ്റ് പോയിന്റ്

കോഹ്‍ലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സന്‍ ഡീമെറിറ്റ് പോയിന്റ് ചുമത്തുകയായിരുന്നു

പെരുമാറ്റദൂഷ്യത്തിന് കോഹ്‍ലിക്ക് ഐ.സി.സിയുടെ താക്കീത്, ഡീമെറിറ്റ് പോയിന്റ്

മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് ഐ.സി.സിയുടെ താക്കീത്. താക്കീതിനു പുറമെ കോലിയുടെ പേരില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ട്വന്റി20 മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ബ്യൂറന്‍ ഹെന്‍ഡ്രിക്‌സിനെ തോളുകൊണ്ട് ഇടിച്ചതിനാണ് ശിക്ഷ. കോഹ്‍ലി ഐ.സി.സി പെരുമാറ്റച്ചട്ടം ലെവല്‍ ഒന്നിന്റെ ലംഘനമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജ്യാന്തര മല്‍സരത്തിനിടെ സഹതാരം, സപ്പോര്‍ട്ട് സ്റ്റാഫ്, അംപയര്‍, മാച്ച് റഫറി, കാണികള്‍ തുടങ്ങി ആരുടെയെങ്കിലും ദേഹത്ത് അപകടകരമായ രീതിയില്‍ സ്പര്‍ശിക്കുന്നത് വിലക്കുന്നതാണ് ഈ നിയമം. കോഹ്‍ലി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിങ് കൂടാതെ തന്നെ മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സന്‍ ഡീമെറിറ്റ് പോയിന്റ് ചുമത്തുകയായിരുന്നു. ഫീല്‍ഡ് അംപയര്‍മാരായ നിതിന്‍ മേനോന്‍, സി.കെ. നന്ദന്‍, തേഡ് അംപയര്‍ അനില്‍ ചൗധരി, ഫോര്‍ത്ത് ഒഫീഷ്യല്‍ സി.ഷംസുദ്ദീന്‍ എന്നിവരാണ് ഇന്ത്യന്‍ നായകനെതിരെ ലെവല്‍ വണ്‍ കുറ്റം ചുമത്തിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മല്‍സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഹെന്‍ഡ്രിക്‌സ് എറിഞ്ഞ അഞ്ചാം ഓവറിനിനിടെ റണ്ണിനായി ഓടുമ്പോഴാണ് കോലി താരത്തെ മനഃപൂര്‍വം തോളുകൊണ്ട് ഇടിച്ചത്. മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പരയില്‍ 1-1ന് ഇന്ത്യക്കൊപ്പമെത്തുകയും ചെയ്തു. ആദ്യ മല്‍സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

2016 സെപ്റ്റംബറില്‍ ഐ.സി.സി പെരുമാറ്റച്ചട്ടം പുതുക്കിയ ശേഷം കോഹ്‍ലിയുടെ പേരില്‍ മൂന്ന് ഡീമെറിറ്റ് പോയിന്റുകളായി. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് കോലിക്കെതിരെ ആദ്യ ഡീമെറിറ്റ് പോയിന്റ് ചുമത്തിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലും മോശമായ പെരുമാറ്റത്തിന് കോഹ്‍ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റ് ലഭിച്ചു. രണ്ടു വര്‍ഷത്തിനിടെ നാലു ഡീമെറിറ്റ് പോയിന്റ് ആയാല്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ലിമിറ്റഡ് ഓവര്‍ മല്‍സരങ്ങളില്‍ നിന്നോ വിലക്ക് വരും.