LiveTV

Live

Cricket

അഞ്ച് വിക്കറ്റ് നേട്ടമില്ല, എന്നിട്ടും 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കമ്മിന്‍സ്

42 വര്‍ഷം മുമ്പ് 1977-78 കാലയളവില്‍ ആസ്‌ട്രേലിയക്കായി പേസ് ബൗളര്‍ വെയ്ന്‍ ക്ലാര്‍ക്ക് നേടിയ 28 വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് പഴങ്കഥയാക്കിയത്.

അഞ്ച് വിക്കറ്റ് നേട്ടമില്ല, എന്നിട്ടും 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് കമ്മിന്‍സ്

ഐ.സി.സി ബൗളിങ് റാങ്കിങില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച ആസ്‌ട്രേലിയയുടെ ഉപനായകന്‍ കൂടിയായ പാറ്റ്കമ്മിന്‍സ് ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വമായൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഒരു ആഷസ് പരമ്പരയില്‍ അഞ്ച് വിക്കറ്റ് നേട്ടമില്ലാതെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് സ്വന്തം പേരിലാക്കിയത്. 29 വിക്കറ്റുകളാണ് അഞ്ച് ടെസ്റ്റുകളടങ്ങിയ ആഷസ് പരമ്പരയില്‍ കമ്മിന്‍സ് വീഴ്ത്തിയത്.

42 വര്‍ഷം മുമ്പ് 1977-78 കാലയളവില്‍ ആസ്‌ട്രേലിയക്കായി പേസ് ബൗളര്‍ വെയ്ന്‍ ക്ലാര്‍ക്ക് നേടിയ 28 വിക്കറ്റുകള്‍ എന്ന റെക്കോര്‍ഡാണ് കമ്മിന്‍സ് പഴങ്കഥയാക്കിയത്. വെയ്ന്‍ ക്ലര്‍ക്കിനെക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍. ആദ്യ ടെസ്റ്റില്‍ ഏഴ്, രണ്ടാം ടെസ്റ്റില്‍ ആറ്, മൂന്നാം ടെസ്റ്റില്‍ നാല്, നാലാം ടെസ്റ്റില്‍ ഏഴ്, അവസാന ടെസ്റ്റില്‍ അഞ്ച് എന്നിങ്ങനെയാണ് ഈ ആഷസില്‍ കമ്മിന്‍സിന്‍റെ വിക്കറ്റുകള്‍.

2001-ല്‍ ആസ്‌ട്രേലിയ ആഷസ് നേടിയപ്പോള്‍ 31 വിക്കറ്റ് നേടിയ ഗ്ലെന്‍ മഗ്രാത്തിന് ശേഷം വിദേശ മണ്ണില്‍ ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഓസീസ് ബൗളര്‍കൂടിയാണ് കമ്മിന്‍സ്. ബൗളിങ് റാങ്കിങില്‍ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് രണ്ടാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള റബാദയെക്കാള്‍ 57 പോയിന്റ് മുന്നിലാണ് കമ്മിന്‍സ്.