LiveTV

Live

Cricket

ഇവര്‍... ഇന്ത്യയുടെ ഹാട്രിക് വീരന്മാര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഹാട്രിക് നേടുന്ന മൂന്ന് താരങ്ങള്‍ ഇവരാണ്

ഇവര്‍... ഇന്ത്യയുടെ ഹാട്രിക് വീരന്മാര്‍

സബീന പാര്‍ക്കില്‍ ഇന്നലെ ജസ്പ്രിത് ബുംറയുടെ സംഹാര താണ്ഡവമായിരുന്നു. കരീബിയന്‍ പട ആ സംഹാര താണ്ഡവത്തില്‍ തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. ജസ്പ്രിത് ബുംറ ഇന്ത്യക്കായി ബൌള്‍ ചെയ്യാനെത്തിയപ്പോള്‍ കാറ്റ് ഇടത് നിന്ന് വലത് വശത്തേക്ക് കാറ്റ് ആഞ്ഞടിക്കുകയായിരുന്നു. അതെല്ലാം കണക്കാക്കി വിന്‍റീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് പറഞ്ഞു, ഞാനാണെങ്കില്‍ ഔട്ട് സ്വിങ്ങേഴ്സ് ആയിരിക്കും എറിയുക എന്ന്. പക്ഷെ, ഒരു സ്വിങ് ബൌളര്‍ അല്ലാതിരുന്നിട്ടും ജസ്പ്രിത് ബുംറ എന്ന ഇന്ത്യക്കാരന്‍ ഇന്‍ സ്വിങ്ങറുകള്‍ എറിഞ്ഞു. കൃത്യതയുടെ നൂലിഴ പോലും തെറ്റാതെ പറന്ന് വന്ന ആ പന്തുകള്‍ക്ക് മുന്നില്‍ വിന്‍റീസ് ബാറ്റിങ്ങ് കാലിടറുകയും ചെയ്തു. അങ്ങനെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഹാട്രിക്ക് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമായി ഈ മുംബൈക്കാരന്‍ മാറി. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കരീബിയന്‍ വേരുകള്‍ പിഴുതെറിഞ്ഞ ബുംറ ഒമ്പത് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ നേടി. ഇന്ത്യ നേടിയ 416 എന്ന ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ വിന്‍റീസ് ഏഴ് വിക്കറ്റിന് 87 എന്ന പരിതാപകരമായ അവസ്ഥയിലാണ്.

ഹര്‍ബജന്‍ സിങ്ങാണ് ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ ഹാട്രിക് നേടിയ താരം. 2001ല്‍ കൊല്‍ക്കൊത്തയില്‍ വച്ച് നടന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്ങ്സിലായിരുന്നു ആ ചരിത്ര നിമിഷം. റിക്കി പോണ്ടിങ്ങിനെയും ആദം ഗില്‍ക്രിസ്റ്റിനെയും ഷെയിന്‍ വോണിനെയും ഓസീസ് സ്കോര്‍ 252 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ ബാജി കൂടാരം കടത്തി. നായകന്‍ സൌരവ് ഗാംഗുലിയുടെ വജ്രായുധമായി ഹര്‍ബജന്‍ ഗൂഗ്ലികളെറിഞ്ഞപ്പോള്‍ ഇന്ത്യക്ക് 171 റണ്‍സിന്‍റെ വിജയം. ആദ്യ ഇന്നിങ്സില്‍ ഏഴ് വിക്കറ്റുകളും രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകളും ഹര്‍ബജന്‍ സിങ് നേടി. ലക്ഷ്മണന്‍ ദ്രാവിഡ് ജോഡികളുടെ ക്ലാസിക് പാര്‍ട്ണര്‍ഷിപ് പിറന്നതും ഇതേ ടെസ്റ്റില്‍ തന്നെ

2006ല്‍ കറാച്ചിയിലായിരുന്നു ഇര്‍ഫാന്‍ പഠാന്‍റെ ഹാട്രിക് നേട്ടം. ആദ്യ ഓവറില്‍ പാകിസതാന്‍ സ്കോര്‍ കാര്‍ഡ് തുറക്കും മുമ്പേ മൂന്ന് മുന്‍നിര താരങ്ങളെ പുറത്താക്കി ഇര്‍ഫാന്‍ ടെസ്റ്റില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി. സല്‍മാന്‍ ബട്ട്, യൂനസ് ഖാന്‍, മൊഹമ്മദ് യൂസഫ് എന്നിവരെ പവലിയണിലേക്ക് മടക്കി ഇര്‍ഫാന്‍ പാകിസ്താനില്‍ പോയി ചരിത്രം കുറിച്ചു. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയ പഠാന്‍ രണ്ടാം ഇന്നിങ്സില്‍ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. പാക് നിര തകര്‍ന്നത് പോലെ ഇന്ത്യയും തകര്‍ന്നപ്പോള്‍ പാകിസ്താന് 341 റണ്‍സിന്‍റെ വമ്പന്‍ വിജയമായിരുന്നു ലഭിച്ചത്.