LiveTV

Live

Cricket

ബുംറക്ക് ഹാട്രിക്ക് നേടിക്കൊടുത്ത കൊഹ്‌ലിക്ക് കയ്യടിച്ച് ആരാധകര്‍ 

കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കര്‍ പോലും ഹാട്രികിനു വേണ്ടിയുള്ള ആകാംഷയാണ് കോഹ്‌ലിയുടെ എടുത്തുചാടിയുള്ള ആ തീരുമാനമെന്നാണ് പറഞ്ഞത്...

ബുംറക്ക് ഹാട്രിക്ക് നേടിക്കൊടുത്ത കൊഹ്‌ലിക്ക് കയ്യടിച്ച് ആരാധകര്‍ 

വെസ്റ്റ് ഇന്‍ഡീസിനെതിരായ മാസ്മരിക പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ജസ്പ്രീത് ബുംറ. ഈ ഹാട്രിക്ക് നേട്ടത്തില്‍ ബുംറക്കൊപ്പം തന്നെ അവകാശം കോഹ്‌ലിക്കുണ്ട്. ബുംറ പോലും സംശയിച്ചു നിന്നപ്പോള്‍ അണുവിട പോലും സംശയിക്കാതെ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ തയ്യാറായ കോഹ്ലിക്ക് മുഴുവന്‍ മാര്‍ക്കും കൊടുത്തിരിക്കുകയാണ് ആരാധകര്‍.

ഒമ്പതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ ഡാരന്‍ ബ്രാവോയേയും ഷംറാഹ് ബ്രൂക്ക്‌സിനേയും മടക്കിയാണ് ബുംറ ഹാട്രിക്കിന്റെ പടിവാതില്‍ക്കലെത്തിയത്. ബുംറയുടെ മൂളിപറക്കുന്ന പന്തുകള്‍ക്ക് മുന്നില്‍ പുതിയ ബാറ്റ്‌സ്മാനായ ചേസ് എന്തു ചെയ്യുമെന്നായിരുന്നു ആരാധകര്‍ നോക്കിയത്.

ബുംറക്ക് ഹാട്രിക്ക് നേടിക്കൊടുത്ത കൊഹ്‌ലിക്ക് കയ്യടിച്ച് ആരാധകര്‍ 

കിടിലനൊരു ഇന്‍സ്വിംങാണ് ബുംറ ഹാട്രിക്കിനായി തെരഞ്ഞെടുത്തത്. പന്ത് ബാറ്റിലോ പാഡിലോ തട്ടിയതെന്ന സംശയത്തിലായിരുന്നു പന്തെറിഞ്ഞുകഴിഞ്ഞ ശേഷവും ബുംറ. ഫീല്‍ഡ് അമ്പയര്‍ എല്‍.ബി.ഡബ്ല്യു അനുവദിച്ചുമില്ല. എന്നാല്‍, മൂന്നാം സ്ലിപ്പില്‍ നിന്നും ഓടിവന്ന കോഹ്‌ലിക്ക് പന്ത് പാഡിലാണ് കൊണ്ടതെന്ന് ഉറപ്പായിരുന്നു.

ഡി.ആര്‍.എസ് ടൈമറില്‍ കൗണ്ട് ഡൗണ്‍ തുടങ്ങും മുമ്പേ കോഹ്‌ലി അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തു. കമന്റേറ്ററായ സുനില്‍ ഗവാസ്‌ക്കര്‍ പോലും ഹാട്രികിനു വേണ്ടിയുള്ള ആകാംഷയാണ് കോഹ്‌ലിയുടെ എടുത്തുചാടിയുള്ള ആ തീരുമാനമെന്നാണ് പറഞ്ഞത്. പന്ത് ലെഗ് സൈഡിലേക്ക് പോകാനാണ് സാധ്യതയെന്ന് ഗവാസ്‌കര്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ റീ പ്ലേയില്‍ പന്ത് പാഡില്‍ തട്ടിയശേഷമാണ് ബാറ്റില്‍ തട്ടിയതെന്ന് വ്യക്തമായി. ഒപ്പം വിക്കറ്റിലേക്കുള്ള വഴിയിലാണ് കാലുകൊണ്ട് പന്തിനെ തടുത്തതെന്ന് കൂടി തെളിഞ്ഞതോടെ തേഡ് അമ്പയര്‍ ഔട്ട് വിധിക്കുകയായിരുന്നു.

ഡി.ആര്‍.എസ് തീരുമാനം ശരിയായതിന്റെ ആവേശം കോഹ്‌ലി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. സഹതാരങ്ങളെല്ലാം ബുംറയെ അഭിനന്ദിക്കുന്ന തിരക്കിലായിരുന്നു. അഭിനന്ദനത്തിന്റെ ഒരു പങ്ക് ക്യാപ്റ്റന്റെ തീരുമാനത്തിനും ലഭിച്ചു. പിന്നീട് തന്റെ ഹാട്രിക്ക് ക്യാപ്റ്റന് അവകാശപ്പെട്ടതാണെന്ന് ബുംറ തുറന്നുപറയുകയും ചെയ്തു. ഇതിന്റെ വീഡിയോ പിന്നീട് ബി.സി.സി.ഐ ട്വീറ്റ് ചെയ്യുകയും ചെയ്തു.

ആദ്യം ബാറ്റു ചെയ്ത് ഇന്ത്യ 416 റണ്‍ നേടിയിരുന്നു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ ആദ്യ ഇന്നിംങ്‌സില്‍ തകര്‍ക്കുന്ന പ്രകടനമാണ് ബുംറ നടത്തിയത്. 9.1 ഓവറില്‍ വെറും 16 റണ്‍ വിട്ടുകൊടുത്ത് ബുംറ വീഴ്ത്തിയത് ആറ് വിക്കറ്റ്.

സ്‌കോര്‍- ഇന്ത്യ 416, വെസ്റ്റ് ഇന്‍ഡീസ് 87/7(33 ഓവര്‍)