LiveTV

Live

Cricket

58 ദിവസത്തെ വിരമിക്കല്‍ അവസാനിച്ചു, കളിക്കാന്‍ തയ്യാറെന്ന് അമ്പാട്ടി റായിഡു

ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള റായിഡുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി

58 ദിവസത്തെ വിരമിക്കല്‍ അവസാനിച്ചു, കളിക്കാന്‍ തയ്യാറെന്ന് അമ്പാട്ടി റായിഡു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുംവിരമിക്കാനുള്ള തീരുമാനം അമ്പാട്ടി റായിഡു പിന്‍വലിച്ചു. വിരമിക്കല്‍ പ്രഖ്യാപനം നടത്തി രണ്ട് മാസം പൂര്‍ത്തിയാകും മുമ്പേയാണ് അമ്പാട്ടി റായിഡുവിന്റെ തിരിച്ചുവരവ്. വിരമിക്കാനുള്ള തീരുമാനം വൈകാരികമായിരുന്നുവെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും പറഞ്ഞ് അമ്പാട്ടി റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് കത്തെഴുതി.

ഇംഗ്ലണ്ട് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് പലപ്പോഴും സാധ്യതയുണ്ടായെങ്കിലും തെരഞ്ഞെടുക്കപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് 33കാരനായ അമ്പാട്ടി റായിഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓപണര്‍ ശിഖര്‍ധവാനും വിജയ് ശങ്കറിനും ലോകകപ്പിനിടെ പരിക്കേറ്റെങ്കിലും ഋഷഭ് പന്തും മായങ്ക് അഗര്‍വാളുമാണ് ടീമിലെത്തിയത്. ഇതാണ് ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അമ്പാട്ടി റായിഡുവിനെ പ്രകോപിപ്പിച്ചത്.

Also read: അമ്പാട്ടി റായിഡു ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Also read: ലോകകപ്പ് കാണാന്‍ ഒരു സെറ്റ് 3ഡി കണ്ണടകള്‍ വാങ്ങിയിട്ടുണ്ട്; അങ്ങനെ അമ്പാട്ടി റായിഡുവിന്റെ പ്രതികരണമെത്തി

ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള റായിഡുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും റായിഡുവിന് കളിക്കാനാകുമെന്നും റായിഡുവില്ലാതെ കളിച്ച കഴിഞ്ഞ സീസണില്‍ രഞ്ജിയില്‍ തങ്ങള്‍ പാടുപെട്ടുവെന്നുമാണ് എച്ച്.സി.എ മുഖ്യ സെലക്ടര്‍ നോയല്‍ ഡേവിഡ് പ്രതികരിച്ചത്.

55 ഏകദിനങ്ങളില്‍ നിന്നും 1694 റണ്‍ നേടിയിട്ടുള്ള അമ്പാട്ടി റായിഡു മൂന്ന് സെഞ്ചുറികളും പത്ത് അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 124* ആണ് ഉയര്‍ന്ന സ്‌കോര്‍. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംങ്‌സിന്റെ താരമാണ് അമ്പാട്ടി റായിഡു.