LiveTV

Live

Cricket

ചോര്‍ന്നൊലിച്ച് കരീബിയന്‍ കരുത്ത്

രണ്ടാം ദിനം വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് ഇളക്കിയ ഇശാന്ത് തന്നെയാണ് കരീബിയന്‍ പടയുടെ അടിത്തറ തകര്‍ത്തത്.

ചോര്‍ന്നൊലിച്ച് കരീബിയന്‍ കരുത്ത്

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ കരുത്ത് ചോര്‍ന്ന് കരീബിയന്‍ പട. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് പിന്തുടരാന്‍ ഇറങ്ങിയ വിന്‍ഡീസിന് തൊട്ടതെല്ലാം പിഴച്ചു. ജോണ്‍ കമ്പല്ലിനെ പിടിച്ചുപുറത്താക്കിയ ഇശാന്ത് ശര്‍മ്മ തുടങ്ങിവെച്ച വിക്കറ്റ് വേട്ട, ഷമിയും ജഡേജയും ബുംറയുമൊക്കെ ഏറ്റെടുത്തതോടെ കരീബിയന്‍ പടയുടെ നട്ടെല്ലൊടിഞ്ഞു.

കുറച്ചെങ്കിലും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ച റോസ്റ്റണ്‍ ചേസിനെയും ഷിമ്രോന്‍ ഹെറ്റ്മെയറെയും ഇശാന്ത് ശര്‍മ്മ എറിഞ്ഞിട്ടതോടെ വെസ്റ്റിന്‍ഡീസിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച അവസ്ഥയിലായി. അര്‍ധ സെഞ്ച്വറിക്ക് രണ്ട് റണ്‍ അകലെ വെച്ചാണ് ചേസിനെ ശര്‍മ്മ, രാഹുലിന്റെ കൈകളിലെത്തിച്ചത്. പന്തിന്റെ ഗതി മനസിലാക്കാതെ ബാറ്റ് വെച്ച ഹെറ്റ്മയര്‍ ഇശാന്തിന് റിട്ടേണ്‍ ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. രണ്ടാം ദിനം വിന്‍ഡീസിന്റെ അഞ്ച് വിക്കറ്റ് ഇളക്കിയ ഇശാന്ത് തന്നെയാണ് കരീബിയന്‍ പടയുടെ അടിത്തറ തകര്‍ത്തത്. ബുംറയും ഷമിയും ജഡേജയും ഓരോ വിക്കറ്റ് വീതം നേടി. രണ്ടാം ദിനം കളി അവസാനിപ്പിച്ചപ്പോള്‍ വാലറ്റത്ത് 10 റണ്‍സുമായി നായകന്‍ ജേസണ്‍ ഹോള്‍ഡറും അക്കൌണ്ട് തുറക്കാതെ കമ്മിന്‍സുമാണുള്ളത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ദിനം 6ന് 203 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുണയായത് രവീന്ദ്ര ജഡേജയുടെ(58) അര്‍ധസെഞ്ച്വറിയാണ്. നേരത്തെ മുന്‍നിര തകര്‍ന്നിട്ടും പിടിച്ചു നിന്ന രഹാനെയയുടെ(81) ബാറ്റിങായിരുന്നു ഇന്ത്യക്ക് ആദ്യദിനം തുണയായത്. ആറിന് 203 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ 94 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ഋഷഭ് പന്ത് പുറത്തായി. പിന്നീട് അര്‍ധ സെഞ്ച്വറി നേടിയ രവീന്ദ്ര ജഡേജ(112 പന്തില്‍ 58)യാണ് ഇന്ത്യയുടെ സ്‌കോര്‍ 300 റണ്‍സിന് തൊട്ടടുത്തെത്തിച്ചത്. ഇശാന്ത് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്ന് എട്ടാം വിക്കറ്റില്‍ ജഡേജ 60 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതും നിര്‍ണായകമായി. 19 റണ്‍സാണ് ഇശാന്ത് ശര്‍മ്മ നേടിയത്. മുഹമ്മദ് ഷമി റണ്ണെടുക്കും മുമ്പ് പുറത്തായി. നാല് റണ്‍സുമായി ബുംറ പുറത്താകാതെ നിന്നു.

വിന്‍ഡീസ് നിരയില്‍ കെമര്‍ റോച്ച് നാല് വിക്കറ്റും ഷാനൊണ്‍ ഗബ്രിയേല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ 3ന് 25 എന്ന നിലയില്‍ തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ ബാറ്റിങിന്റെ തുടക്കം. ഓപണര്‍ മായങ്ക് അഗര്‍വാളും(5) വന്‍മതിലാകുമെന്ന് പ്രതീക്ഷിച്ച പുജാരയും(2) ക്യാപ്റ്റന്‍ കൊഹ്‍ലിയും(9) മടങ്ങിയതോടെ ഇന്ത്യ അപകടം മണത്തു. ബൗളിങ് പിച്ചില്‍ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം പന്തെറിഞ്ഞ വിന്‍ഡീസ് പേസര്‍മാരായിരുന്നു ഇന്ത്യന്‍ മുന്‍നിരയെ പുറത്താക്കിയത്. എന്നാല്‍, കെ.എല്‍ രാഹുലിന്റേയും(44) രഹാനെയുടേയും നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യന്‍ സ്‌കോര്‍ 93 ലെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ ഹനുമ വിഹാരിയെ കൂട്ടുപിടിച്ച് രഹാനെ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് രക്ഷയായത്. 32 റണ്‍സെടുത്ത ഹനുമ വിഹാരിയെ റോച്ച് കീപ്പറുടെ കൈകളിലെത്തിച്ചതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. പിന്നാലെ, സെഞ്ച്വറിക്ക് 19 റണ്‍സ് അകലെ വെച്ച് രഹാനെയുടെ വിക്കറ്റ് ഗബ്രിയേല്‍ തെറിപ്പിച്ചു. 163 പന്തുകള്‍ നേരിട്ട രഹാനെ 10 ബൗണ്ടറികള്‍ നേടിയ ശേഷമാണ് മടങ്ങിയത്.