LiveTV

Live

Cricket

അശ്വിന്‍ ടീമിലില്ലാത്തത് അത്ഭുതമെന്ന് ഗവാസ്‌കര്‍, കാരണം നിരത്തി രഹാനെ

വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച 11 ടെസ്റ്റുകളില്‍ നാല് സെഞ്ചുറികളും 60 വിക്കറ്റുകളും അശ്വിന്‍ നേടിയിട്ടുണ്ട്

അശ്വിന്‍ ടീമിലില്ലാത്തത് അത്ഭുതമെന്ന് ഗവാസ്‌കര്‍, കാരണം നിരത്തി രഹാനെ

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗംഭീര ടെസ്റ്റ് റെക്കോഡുള്ള രവിചന്ദ്ര അശ്വിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ വിമര്‍ശങ്ങള്‍ ശക്തം. അശ്വിന്‍ ടീമിലില്ലാത്തത് അത്ഭുതപ്പെടുത്തിയെന്നാണ് സുനില്‍ ഗവാസ്‌കര്‍ തുറന്നടിച്ചത്. അതേസമയം ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയെ കൂട്ട തകര്‍ച്ചയില്‍ നിന്നും രക്ഷിച്ച രഹാനെക്ക് വ്യത്യസ്ഥമായ അഭിപ്രായമാണ്. അത് അദ്ദേഹം ആദ്യ ദിവസത്തെ കളിക്ക് ശേഷം പ്രകടിപ്പിക്കുകയും ചെയ്തു.

ഇന്ത്യയിലും പുറത്തുമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച 11 ടെസ്റ്റുകളില്‍ നാല് സെഞ്ചുറികളും 60 വിക്കറ്റുകളും അശ്വിന്‍ നേടിയിട്ടുണ്ട്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെടുന്നു. 'വിന്‍ഡീസിനെതിരെ ഇത്രക്ക് ഗംഭീര പ്രകടനം പുറത്തെടുത്ത അശ്വിന്‍ ടീമിലില്ല. ഇത് അത്ഭുതപ്പെടുത്തുന്നതും ഞെട്ടിക്കുന്നതുമാണ്' എന്നായിരുന്നു ഗവാസ്‌കര്‍ പ്രതികരിച്ചത്.

എന്നാല്‍ പ്രായോഗിക പ്രതികരണമായിരുന്നു രഹാനെ നടത്തിയത്. 'ടീമില്‍ പന്തെറിയാന്‍ കഴിയുന്ന ആറാം ബാറ്റ്‌സ്മാന്‍ കൂടി വേണമെന്നായിരിക്കും അവര്‍ കരുതിയത്. വിഹാരിയേയും ഈ പിച്ചില്‍ ബൗളറായി ഉപയോഗിക്കാന്‍ സാധിച്ചേക്കും. ക്യാപ്റ്റനും കോച്ചും ചേര്‍ന്നെടുത്ത തീരുമാനമാണിത്. അശ്വിനേയും രോഹിത്തിനേയും പോലുള്ളവരെ ടീമിന് പുറത്തിരുത്തുന്നത് എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാം ടീമിനെ മാത്രം മുന്നില്‍ കണ്ടുള്ള തീരുമാനങ്ങളാണ്' ആദ്യ ദിവസത്തെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവേ രഹാനെ പറഞ്ഞു.

ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ കൂട്ടത്തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത് രഹാനെയുടെ(81) ബാറ്റിംങായിരുന്നു. ഒരുഘട്ടത്തില്‍ പുജാരയും കോഹ്‌ലിയും അടക്കം മൂന്ന് പേര്‍ 25 റണ്‍സ് എടുക്കുന്നതിനിടെ പുറത്തായിരുന്നു. പിന്നീട് കെ.എല്‍. രാഹുലിനേയും(44) ഹനുമ വിഹാരിയേയും(32) കൂട്ടുപിടിച്ചാണ് രഹാനെ ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ 6ന് 203 എന്ന നിലയിലാണ് ഇന്ത്യ.