LiveTV

Live

Cricket

ഇതിഹാസതാരങ്ങളെയൊക്കെ പിറകിലാക്കി കൊഹ്‍ലിയുടെ വമ്പന്‍ റെക്കോര്‍ഡ്

അനായാസമായി റണ്ണൊഴുക്കാന്‍ കഴിയുന്നു എന്നതിലാണ് കൊഹ്‍ലിയുടെ വിജയം. അത് ഏത് ഫോര്‍മാറ്റിലാണെങ്കിലും. 

ഇതിഹാസതാരങ്ങളെയൊക്കെ പിറകിലാക്കി കൊഹ്‍ലിയുടെ വമ്പന്‍ റെക്കോര്‍ഡ്

ഒരു കാലത്ത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു റെക്കോര്‍ഡുകളുടെ തോഴനെങ്കില്‍ ഇന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‍ലിയാണ് നേട്ടങ്ങള്‍ വേട്ടയാടി സ്വന്തമാക്കുന്നതില്‍ മത്സരിക്കുന്നത്. 30 വയസാണ് കൊഹ്‍ലിയുടെ പ്രായം. ഇതിനോടകം കൊഹ്‍ലി സ്വന്തമാക്കിയത് 77 സെഞ്ച്വറികള്‍. സച്ചിന്റെ റെക്കോര്‍ഡിനേക്കാള്‍ 23 സെഞ്ച്വറികള്‍ മാത്രം പിന്നിലാണ് കൊഹ്‍ലി.

അനായാസമായി റണ്ണൊഴുക്കാന്‍ കഴിയുന്നു എന്നതിലാണ് കൊഹ്‍ലിയുടെ വിജയം. അത് ഏത് ഫോര്‍മാറ്റിലാണെങ്കിലും. ഇതേ കഴിവാണ് കൊഹ്‍ലിയെ ഒരു ദശകത്തിനിടയിലെ മികച്ച റണ്‍വേട്ടക്കാരനാക്കുന്നതും. പത്തു വര്‍ഷത്തിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന നാഴികകല്ലിലേക്ക് എത്തിയ ലോകത്തിലെ ഒരേയൊരു താരമായിരിക്കുകയാണ് കൊഹ്‍ലി. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലുമായി കൊഹ്‍ലി നേടിയ 20,502 റണ്‍സില്‍ 20,018 റണ്‍സും അടിച്ചെടുത്തത് ഈ പത്തു വര്‍ഷത്തിനിടെയാണ്.

2010 ലാണ് കൊഹ്‍ലി ടെസ്റ്റ്, ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇതിന് മുമ്പ് 2008 ല്‍ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയെങ്കിലും 484 റണ്‍സാണ് കൊഹ്‍ലി സ്വന്തമാക്കിയിരുന്നത്. ഓസീസ് ഇതിഹാസം റിക്കി പോണ്ടിങിനെയും ദക്ഷിണാഫ്രിക്കന്‍ താരം ജാക്വിസ് കല്ലിസിനെയുമൊക്കെ പിന്നിലാക്കിയാണ് കൊഹ്‍ലിയുടെ ഈ നേട്ടം. മുന്‍ ശ്രീലങ്കന്‍ താരങ്ങളായ ജയവര്‍ധനെയും സംഗക്കാരയുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. സച്ചിന്‍ ആറാമതും രാഹുല്‍ ദ്രാവിഡ് ഏഴാം സ്ഥാനത്തുമാണ്. ഇന്നലെ വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സ്വന്തമാക്കിയ സെഞ്ച്വറി നേട്ടത്തിലൂടെയാണ് കൊഹ്‍ലി ഇരുപതിനായിരം റണ്‍സ് എന്ന നാഴികക്കല്ലില്‍ മുത്തമിട്ടത്.