LiveTV

Live

Cricket

‘’ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ലോക കിരീടം നേടി; പക്ഷേ ആ സന്തോഷം കശ്മീരിലുള്ള വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞില്ല’’

ഞങ്ങളുടെ ടീമിന്റെ വിജയ വാർത്ത ഞങ്ങളുടെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും പങ്കിടാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കഴിയില്ല. 

‘’ഞങ്ങള്‍ ഇന്ത്യക്ക് വേണ്ടി ലോക കിരീടം നേടി; പക്ഷേ ആ സന്തോഷം കശ്മീരിലുള്ള വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞില്ല’’

ഭിന്നശേഷിക്കാരുടെ ലോക ട്വന്റി 20 കിരീടത്തില്‍ ഇന്ത്യന്‍ ടീം മുത്തമിട്ടത് കഴിഞ്ഞദിവസമാണ്. ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. എന്നാല്‍ ടീമിന്റെ കുന്തമുനകളായ വസീം ഇഖ്ബാല്‍ ഖാനും ആമിര്‍ ഹസന്‍ റാത്തറും വലിയൊരു സങ്കടത്തിലാണ്. ജന്മനാട്ടിലെ അവസ്ഥയോര്‍ത്താണ് അവരുടെ വേദന. ജമ്മു കശ്മീരില്‍ നിന്നുള്ള താരങ്ങളാണ് ഇവര്‍. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ 11 ദിവസമായി ജമ്മു കശ്‍മീരിലെ മുഴുവന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും നിശ്ചലമാണ്. കിരീടം സ്വന്തമാക്കിയ സന്തോഷം പോലും കശ്മീരിലുള്ള വീട്ടുകാരെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന് ഇവര്‍ പറയുന്നു.

''ജമ്മു കശ്മീരില്‍ സോഷ്യൽ മീഡിയകൾ ഉൾപ്പെടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും മരവിപ്പിച്ചതിനാൽ, കഴിഞ്ഞ 11 ദിവസമായി ഞങ്ങളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും സംസാരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല'' ഖാനും റാത്തറും പറഞ്ഞു. ''ഞങ്ങളുടെ ടീമിന്റെ വിജയ വാർത്ത ഞങ്ങളുടെ സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടും പങ്കിടാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ കഴിയില്ല. ഇന്ത്യയുടെ വിജയത്തിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്. പക്ഷേ ഈ സന്തോഷം മാതാപിതാക്കള്‍ക്കൊപ്പം പങ്കിടാന്‍ കഴിയാത്തത് അത്യന്തം സങ്കടകരവും നിരാശാജനകവുമാണ്.'' - റാത്തര്‍ പറഞ്ഞു.

ദക്ഷിണ കശ്മീരിലെ ഗോപാല്‍പുരയില്‍ നിന്നുള്ള താരമാണ് ഖാന്‍. ബാരാമുള്ള ജില്ലയിലെ സോപോര്‍ സ്വദേശിയാണ് റാത്തര്‍. ഈദ് ദിനത്തില്‍ പോലും മാതാപിതാക്കളോട് സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് ഇവര്‍ക്ക് ഏറ്റവും സങ്കടം. ‘’ഞങ്ങളെ സംബന്ധിച്ച് ഈദ് ദിനം ഏറ്റവും വലിയ ആഘോഷത്തിന്റെ നാളാണ്. ആദ്യമായാണ് വീട്ടില്‍ നിന്നും ഈദ് ദിനത്തില്‍ മാറിനില്‍ക്കേണ്ടി വന്നത്. അതിന്റെ സങ്കടത്തിന് പുറമെയാണ് വീട്ടുകാരോട് അന്ന് സംസാരിക്കാന്‍ പോലും കഴിയാതെ പോയത്. ജീവിതത്തില്‍ മുഴുവന്‍ താങ്ങും തണലുമായി നിന്ന മാതാപിതാക്കളോട് ഒരു ആശംസ പോലും പറയാന്‍ കഴിയാത്തത് വലിയ വേദനയുണ്ടാക്കി. ഇതേസമയം, ടീം അംഗങ്ങളില്‍ നിന്ന് ലഭിച്ച സ്നേഹവും സാന്ത്വനവും വലിയ ആശ്വാസമായിരുന്നുവെന്നും ഖാന്‍ പറഞ്ഞു.