LiveTV

Live

Cricket

നഥാന്‍ ലയോണിന് മുന്നില്‍ ഉത്തരമില്ലാതെ ഇംഗ്ലണ്ട്; ആഷസില്‍ ജയത്തോടെ തുടങ്ങി ആസ്‌ട്രേലിയ 

398 എന്ന വമ്പന്‍ ജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നും ചെയ്യാനില്ലായിരുന്നു. അഞ്ചാം ദിനം സ്പിന്നിനെ തുണക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയും ചെയ്തു.

നഥാന്‍ ലയോണിന് മുന്നില്‍ ഉത്തരമില്ലാതെ ഇംഗ്ലണ്ട്; ആഷസില്‍ ജയത്തോടെ തുടങ്ങി ആസ്‌ട്രേലിയ 

ബാറ്റുകൊണ്ട് സ്റ്റീവന്‍ സ്മിത്തും പന്ത് കൊണ്ട് നഥാന്‍ ലയോണും ഉഗ്രന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ ആഷസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആസ്‌ട്രേലിയക്ക് ജയം. 251 റണ്‍സിനായിരുന്നു ആസ്‌ട്രേലിയയുടെ വിജയം. സ്‌കോര്‍ബോര്‍ഡ് ചുരുക്കത്തില്‍: ആസ്‌ട്രേലിയ: 284-10, 487-7, ഇംഗ്ലണ്ട്: 374-10, 146-10. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ കാഴ്ചവെച്ച പ്രകടനമാണ് പരമ്പരയിലെ ആദ്യ ജയം നേടിക്കൊടുത്തത്.

398 എന്ന വമ്പന്‍ ജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ഒന്നും ചെയ്യാനില്ലായിരുന്നു. അഞ്ചാം ദിനം സ്പിന്നിനെ തുണക്കുമെന്ന പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുകയും ചെയ്തു. നഥാന്‍ ലയോണാണ് ഇംഗ്ലണ്ടിന്റെ കഥ കഴിച്ചത്. 146 റണ്‍സെടുക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. 20 ഓവര്‍ എറിഞ്ഞ ലയോണ്‍ അഞ്ച് മെയ്ഡന്‍ ഓവറുകളടക്കം 49 റണ്‍സ് വിട്ടുകൊടുത്ത് ആറു വിക്കറ്റാണ് വീഴ്ത്തിയത്.

നാല് വിക്കറ്റെടുത്ത് പാറ്റ് കമ്മിന്‍സ് പിന്തുണകൊടുത്തു. 37 റണ്‍സെടുത്ത ക്രിസ് വോക്‌സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ ബാറ്റിങ് മികവാണ് ആസ്‌ട്രേലിയയെ തുണച്ചത്. 144, 142 എന്നിങ്ങനെയാണ് സ്മിത്തിന്റെ റണ്‍സുകള്‍. രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി മാത്യു വേഡും ആസ്‌ട്രേലിയക്കായി തിളങ്ങിയിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഈ മാസം 14ന് ലോര്‍ഡ്‌സില്‍ തുടങ്ങും.

Also read: ടെസ്റ്റിലെ അഞ്ച് ദിനവും ബാറ്റിങിനിറങ്ങി ഇംഗ്ലണ്ടിന്റെ റോര്‍റി ബേര്‍ണ്‍സ്