LiveTV

Live

Cricket

ഇന്ത്യന്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചു; നിരാശ മറച്ചുവെക്കാതെ ശുഭ്മാന്‍ ഗില്‍ മനസ് തുറക്കുന്നു

എന്നാല്‍ ഈ തീപ്പൊരി പ്രകടനത്തിനും ശുഭ്മാന്റെ സ്വപ്നത്തിന് താങ്ങായില്ല. 

ഇന്ത്യന്‍ ടീമിലേക്കുള്ള വിളി പ്രതീക്ഷിച്ചു; നിരാശ മറച്ചുവെക്കാതെ ശുഭ്മാന്‍ ഗില്‍ മനസ് തുറക്കുന്നു

ശുഭ്മാന്‍ ഗില്‍ എന്ന 19 കാരനെ ശ്രദ്ധിക്കാത്ത ക്രിക്കറ്റ് പ്രേമികള്‍ കുറവായിരിക്കും. കാരണം ഇതിനോടകം ജൂനിയര്‍ കൊഹ്‍ലി എന്ന വിളിപ്പേര് സ്വന്തമാക്കി കഴിഞ്ഞിട്ടുള്ള താരമാണ് ശുഭ്മാന്‍. വെസ്റ്റിന്‍ഡീസില്‍ നടന്ന അനൌദ്യോഗിക പരമ്പരയില്‍ ഇന്ത്യ എ ടീമിന് വേണ്ടി റണ്‍ വേട്ട നടത്തിയ ശുഭ്മാന്‍ ഒരു വലിയ സ്വപ്നം കണ്ടിരുന്നു. ഈ പ്രകടനത്തിലൂടെ സെക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റി വിന്‍ഡീസ് പര്യടനത്തിനുള്ള സീനിയര്‍ ടീമില്‍ ഒരു സ്ഥാനം എന്ന സ്വപ്നം. എന്നാല്‍ കഴിഞ്ഞ ദിവസം ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരക്കുള്ള ടീം ഇന്ത്യയെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ഒന്നില്‍ പോലും ശുഭ്മാന് സ്ഥാനമുണ്ടായിരുന്നില്ല. വിന്‍ഡീസ് എ ടീമിനെതിരെ 218 റണ്‍സാണ് ശുഭ്മാന്‍ അടിച്ചുകൂട്ടിയത്. മൂന്നു അര്‍ധ സെഞ്ച്വറികളടക്കം. എന്നാല്‍ ഈ തീപ്പൊരി പ്രകടനവും ശുഭ്മാന്റെ സ്വപ്നത്തിന് താങ്ങായില്ല.

''ഞായറാഴ്ച വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുകയായിരുന്നു ഞാന്‍. മൂന്നു ഫോര്‍മാറ്റുകളില്‍ ഏതെങ്കിലും ഒരു ടീമിലെങ്കിലും എനിക്ക് സ്ഥാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ എന്നെ ടീമില്‍ എടുത്തില്ല. നിരാശയുണ്ട്. പക്ഷേ ഞാന്‍ അതോര്‍ത്തിരിക്കാന്‍ പോകുന്നില്ല. ഞാന്‍ ഇനിയും റണ്‍വേട്ട തുടരും. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ കളിക്കും, അതുവഴി സെലക്ടര്‍മാരെ പ്രീതിപ്പെടുത്താനും. വിന്‍ഡീസില്‍ നടന്ന ജൂനിയര്‍ പരമ്പര എനിക്കും ടീമിനും ഗുണകരമാണ്. 4-1 എന്ന നിലയ്ക്കാണ് ആ പരമ്പര ഞങ്ങള്‍ സ്വന്തമാക്കിയത്. ഞങ്ങള്‍ നേരിട്ട വിന്‍ഡീസ് എ ടീം കരുത്തരായിരുന്നു. ബാറ്റ്സ്മാന് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതായിരുന്നു അവിടുത്തെ പിച്ചിന്റെ സ്വഭാവം. എന്നിട്ടും ഞങ്ങള്‍ അതിനെയൊക്കെ തരണം ചെയ്തു. കളിയുടെ ഗതിക്ക് അനുസരിച്ച് എന്റെ ശൈലി നിയന്ത്രിക്കണം എന്നാണ് ഞാന്‍ ഈ വിന്‍ഡീസ് പര്യടനത്തില്‍ നിന്നും പഠിച്ച ഒരു പാഠം. നല്ല പന്തുകളെ പ്രതിരോധിച്ച് ക്രീസില്‍ ക്ഷമാപൂര്‍വം നില്‍ക്കണം.'' - ശുഭ്മാന്‍ പറയുന്നു.

ഇന്ത്യയുടെ നാലാം സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ലെന്നിരിക്കെ ഗില്ലിനെപ്പോലൊരു യുവതാരത്തിന് അവസരം കൊടുക്കണമെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ലോകകപ്പില്‍ പരാജയമായിരുന്ന കേദാര്‍ ജാദവിന് പകരം ഗില്ലിനെ പരീക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിരന്തരം അവസരം ലഭിച്ചിട്ടും ശോഭിക്കാത്ത മനീഷ് പാണ്ഡെയുടെ സെലക്ഷനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.