LiveTV

Live

Cricket

സെലക്ടര്‍മാരെ, നിങ്ങളിതൊന്നും കാണുന്നില്ലെ.....

വിന്‍ഡീസ് എയ്ക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ ഫോമില്‍ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ 

സെലക്ടര്‍മാരെ, നിങ്ങളിതൊന്നും കാണുന്നില്ലെ.....

ഭാവി കോഹ്‌ലി എന്നാണ് യുവതാരം ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കാറ്. ഗില്ലിന്റെ സ്ഥിരത തന്നെയാണ് ഇതിന് കാരണവും. ന്യൂസിലാന്‍ഡി നെതിരെ അവരുടെ നാട്ടില്‍ നടന്ന മത്സരത്തില്‍ താരത്തിന് അവസരം ലഭിച്ചെങ്കിലും ക്ലിക്കായിരുന്നില്ല. ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയിരുന്നില്ലെന്ന് കരുതി പുറത്തിരുത്താന്‍ മാത്രം പോന്ന ബാറ്റ്‌സ്മാനൊന്നുമായിരുന്നില്ല ഗില്‍. അത് വെസ്റ്റ്ഇന്‍ഡീസ് എയ്‌ക്കെതിരായ മത്സരത്തില്‍ തെളിയിക്കുകയും ചെയ്തു.

വെസ്റ്റ്ഇന്‍ഡീസ് ‘എ’യുമായി അഞ്ച് ഏകദിന മത്സരങ്ങളടങ്ങിയ പരമ്പരയായിരുന്നു ഇന്ത്യ എക്ക് കളിക്കേണ്ടിയിരുന്നത്. ഇതില്‍ മിന്നും ഫോമിലായിരുന്നു ഗില്‍. അതേസമയം വിന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീം പ്രഖ്യാപനത്തിന് മുമ്പെ നടന്ന ഇതെ പരമ്പരയിലെ കളികളിലെല്ലാം താരം മിന്നുംഫോമിലായിരുന്നു. എന്നിട്ടും സെകലക്ടര്‍മാര്‍ എന്ത് കൊണ്ട് താരത്തെ അവഗണിച്ചുവെന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. വിന്‍ഡീസ് എയ്‌ക്കെതിരായ പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നായി(ടീം സെലക്ഷന് മുമ്പ്) രണ്ട് അര്‍ദ്ധ സെഞ്ച്വറികളുമായി 149 റണ്‍സാണ് ഗില്‍ നേടിയത്.

പരമ്പരയിലെ അവസാന മത്സരമായ ഇന്നും താരം അര്‍ദ്ധ സെഞ്ച്വറി നേടി. ഇന്നത്തെ മത്സരത്തില്‍ 40 പന്തില്‍ 69 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഇന്ത്യയുടെ നാലാം സ്ഥാനത്തേക്ക് ആരെ പരിഗണിക്കണമെന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ലെന്നിരിക്കെ ഗില്ലിനെപ്പോലൊരു യുവതാരത്തിന് അവസരം കൊടുക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നത്. ലോകകപ്പില്‍ പരാജയമായിരുന്ന കേദാര്‍ ജാദവിന് പകരം ഗില്ലിനെ പരീക്ഷിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നിരന്തരം അവസരം ലഭിച്ചിട്ടും ശോഭിക്കാത്ത മനീഷ് പാണ്ഡെയുടെ സെലക്ഷനെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.