LiveTV

Live

Cricket

‘ഏയ്, ധോണി അടുത്തൊന്നും വിരമിക്കില്ല’

“ധോണിക്ക് ടീമിലെത്തണമെന്നതിനേക്കാള്‍ ഇന്ത്യന്‍ ടീമിനാണ് ധോണിയെ ആവശ്യം. ക്രിക്കറ്റില്‍നിന്നും വിരമിക്കാനുള്ള പദ്ധതി അദ്ദേഹത്തിനില്ല. ഇത് അനാവശ്യവിവാദമാണ്”

‘ഏയ്, ധോണി അടുത്തൊന്നും വിരമിക്കില്ല’

നാളെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപിക്കാനിരിക്കെ ധോണി ടീമിലുണ്ടാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. 38കാരനായ ധോണി വിരമിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകളും അതേക്കുറിച്ചുള്ള പ്രമുഖരുടെ അഭിപ്രായപ്രകടനങ്ങളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് ധോണിയുടെ ദീര്‍ഘകാല സുഹൃത്തായ അരുണ്‍ പാണ്ഡെ ധോണി അടുത്തെങ്ങും വിരമിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

'ധോണിക്ക് ടീമിലെത്തണമെന്നതിനേക്കാള്‍ ഇന്ത്യന്‍ ടീമിനാണ് ധോണിയെ ആവശ്യം. ക്രിക്കറ്റില്‍നിന്നും വിരമിക്കാനുള്ള പദ്ധതി അദ്ദേഹത്തിനില്ല. ഇത് അനാവശ്യവിവാദമാണ്. ചിലര്‍ ധോണിയുടെ വിരമിക്കല്‍ ചര്‍ച്ച ചെയ്യുന്നതിന് ലോകകപ്പ് തീരാന്‍ കാത്തിരുന്നതുപോലെ തോന്നുന്നു' എന്നായിരുന്നു ധോണിയുടെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ അരുണ്‍ പാണ്ഡെയുടെ പ്രതികരണം.

അരുണ്‍ പാണ്ഡെ ധോണിക്കൊപ്പം
അരുണ്‍ പാണ്ഡെ ധോണിക്കൊപ്പം

ധോണിക്ക് നിക്ഷേപമുള്ള റിതി സ്‌പോര്‍സിന്റെ തലപ്പത്തുള്ളയാളാണ് അരുണ്‍ പാണ്ഡെ. ചര്‍ച്ചകള്‍ ഈരീതിയില്‍ പുരോഗമിക്കുന്നതിലെ നിരാശയും അദ്ദേഹം പങ്കുവെച്ചു.

'ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത് നമുക്കു തന്നെയാണ് നാണക്കേട്. നൂറു ശതമാനം നല്‍കാനാകില്ലെന്ന് തിരിച്ചറിയുന്ന അന്ന് മറ്റാരും പറയാതെ കളി നിര്‍ത്താനാകുന്നയാളാണ് ധോണി. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് 2014ല്‍ തന്നെ അദ്ദേഹം ടെസ്റ്റ് നിര്‍ത്തിയത്. അനാവശ്യമായി ധോണി തന്റെ കരിയര്‍ വലിച്ചുനീട്ടുമെന്ന് പ്രതീക്ഷിക്കരുത്' ഇരുപത് വര്‍ഷത്തിലേറെയായി ധോണിയുമായി അടുപ്പമുള്ള അരുണ്‍ പാണ്ഡേ പറയുന്നു.

‘ഏയ്, ധോണി അടുത്തൊന്നും വിരമിക്കില്ല’

യുവാക്കള്‍ക്കായി എന്നും വാദിക്കുന്ന ധോണി ഇപ്പോള്‍ മാതൃക കാണിക്കണമെന്നാണ് മുന്‍ഇന്ത്യന്‍ താരവും നിലവില്‍ ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍ പറഞ്ഞത്. 'ഒരിക്കല്‍ ആസ്‌ട്രേലിയന്‍ പര്യടനത്തിനിടെ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ച് അവസരം നല്‍കാനാകില്ലെന്ന് പറഞ്ഞിരുന്നു. ഗ്രൗണ്ട് വലുതാണെന്നതായിരുന്നു പറഞ്ഞ കാരണം. വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്നതിനേക്കാള്‍ പ്രായോഗികമായി കാണുന്നതാണ് നല്ലത്. ഇത് വരും ലോകകപ്പിനായി യുവാക്കളെ വളര്‍ത്തിയെടുക്കേണ്ട സമയമാണ്' എന്നായിരുന്നു ഗംഭീറിന്റെ ഒളിയമ്പ്.

മുതിര്‍ന്ന താരമായ ധോണിക്ക് എപ്പോള്‍ കളിയവസാനിപ്പിക്കണമെന്ന് വ്യക്തമായി അറിയാമെന്നായിരുന്നു സെവാഗിന്റെ അഭിപ്രായം. വിരമിക്കല്‍ കൊടുമ്പിരി കൊള്ളുമ്പോഴും പതിവുപോലെ ഒരക്ഷരം പ്രതികരിക്കാതെ വിവാദങ്ങളെ കൂളായി നേരിടുകയാണ് ധോണി.