LiveTV

Live

Cricket

സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം; ക്രിക്കറ്റിലെ പുതിയ മാറ്റം ആഷസ് മുതൽ  

ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. 

സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരന് ബാറ്റും ബോളും ചെയ്യാം; ക്രിക്കറ്റിലെ പുതിയ മാറ്റം ആഷസ് മുതൽ  

തലയിൽ പരിക്കേൽക്കുന്ന കളിക്കാരനു പകരം പുതിയ കളിക്കാരനെ കളിപ്പിക്കാൻ ടീമുകൾക്ക് അവസരം നൽകുന്ന 'കൺകഷൻ സബ്സ്റ്റിറ്റിയൂട്ട്' അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പര മുതൽ നടപ്പിൽ വന്നേക്കും. ലണ്ടനിൽ നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വാർഷിക യോഗത്തിലെ അജണ്ടകളിലൊന്ന് ഇതാണ്. പുതിയ മാറ്റം വാർഷിക യോഗം അംഗീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഫീൽഡിങ്ങിൽ മാത്രമാണ് വ്യവസ്ഥകൾക്കു വിധേയമായി സബ്സ്റ്റിറ്റ്യൂഷന്‍ അനുവദിച്ചിട്ടുള്ളത്.

പരിക്കേൽക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാൻ കഴിയുന്ന വിധത്തിലുള്ളതായിരിക്കും പുതിയ നിയമം. ബാറ്റ്‌സ്മാന് പരിക്കേൽക്കുകയാണെങ്കിൽ ബാറ്റ്‌സ്മാനെയും ബൗളർക്ക് പരിക്കേൽക്കുകയാണെങ്കിൽ ബൗളറെയും ഇനി മുതൽ കളിപ്പിക്കാൻ കഴിയും. തലയ്ക്ക് ഏൽക്കുന്ന പരിക്കുകൾക്ക് മാത്രമായിരിക്കും ഇത് ബാധകം. കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് ആയി ഇറങ്ങുന്ന കളിക്കാരന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് മാച്ച് റഫറി ആയിരിക്കും. പുതിയ മാറ്റം എല്ലാ ഫോർമാറ്റ് മത്സരങ്ങൾക്കും ബാധകമായിരിക്കും.

2014-ൽ ആഭ്യന്തര മത്സരത്തിനിടെ ബൗൺസർ തലയിൽ കൊണ്ട് ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂസ് മരണപ്പെട്ടതിനെ തുടർന്നാണ് തലയിൽ ഏൽക്കുന്ന പരിക്കുകൾ കൂടുതൽ ഗൗരവമായി കാണുന്നതിനുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമായത്. 2016-17 സീസൺ മുതൽ ബിഗ്ബാഷ് ലീഗിലും ആഭ്യന്തര ഏകദിന മത്സരങ്ങളിലും ഓസ്‌ട്രേലിയ ഈ രീതി നടപ്പിലാക്കിയിരുന്നു. 2017-ലാണ് ഐ.സി.സി ഇതിന് അംഗീകാരം നൽകിയത്. കൺകഷൻ സബ്സ്റ്റിറ്റിയൂഷൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നടപ്പിലാക്കുന്നതിന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ഗവേഷണങ്ങളെ ഐ.സി.സി ആശ്രയിക്കുന്നുണ്ട്.

ഈയിടെ സമാപിച്ച ക്രിക്കറ്റ് ലോകകപ്പിൽ ബാറ്റ്‌സ്മാന്റെ തലയിൽ പന്ത് പതിക്കുന്ന സംഭവം പലതവണ ഉണ്ടായിരുന്നു. ജോഫ്ര ആർച്ചറിന്റെ ബൗൺസർ ഹെൽമറ്റിൽ പതിച്ചതിനെ തുടർന്ന് ദക്ഷിണാഫ്രിക്കൻ ഓപണർ ഹാഷിം അംലക്ക് പരിക്കേറ്റു. ആർച്ചറിന്റെ തന്നെ മറ്റൊരു പന്ത് ഓസ്‌ട്രേലിയൻ താരം അലക്‌സ് കാരിയുടെ ഹെൽമറ്റിൽ പതിക്കുകയും മുഖത്ത് മുറിവിന് കാരണമാവുകയും ചെയ്തു.

തലയിൽ പരിക്കേൽക്കുന്ന പല കളിക്കാരും പിന്നീട് ടീമിന്റെ ആവശ്യം പരിഗണിച്ച് കെട്ടുമായും മറ്റും ബാറ്റിങ്ങിന് ഇറങ്ങാൻ നിർബന്ധിതരാവാറുണ്ട്. പുതിയ മാറ്റം വരുന്നതോടെ, തലയിൽ പരിക്കേറ്റ ബാറ്റ്‌സ്മാന് ആവശ്യമായ ചികിത്സയും വിശ്രമവും നൽകാൻ ടീം ഡോക്ടർക്ക് കഴിയും.