LiveTV

Live

Cricket

ധോണി വിരമിക്കണോ ? താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നതിങ്ങനെ...

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. 

ധോണി വിരമിക്കണോ ? താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നതിങ്ങനെ...

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോണിയുടെ വിമരിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. ലോകകപ്പോടെ ധോണി വിരമിക്കുമെന്നായിരുന്നു ഏറ്റവും കൂടുതല്‍ പ്രചരിച്ച വാര്‍ത്തകളിലൊന്ന്.

ഇന്ത്യയുടെ കരീബിയന്‍ പര്യടനം ആരംഭിക്കാനിരിക്കെ ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും കൊഴുക്കുകയാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതേസമയം, ധോണി കളി മതിയാക്കുന്നതിനോട് താരത്തിന്റെ മാതാപിതാക്കള്‍ക്ക് കൃത്യമായ അഭിപ്രായമുണ്ട്. 38 കാരനായ ധോണിയെ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ച പരിശീലകന്‍ കേശവ് ബാനര്‍ജിയാണ് താരത്തിന്റെ മാതാപിതാക്കള്‍ വിരമിക്കലിനെ കുറിച്ച് എന്താണ് പറഞ്ഞതെന്ന് വെളിപ്പെടുത്തിയത്.

ഇത്രയും കാലം കളിച്ചു നടന്നില്ലേ... ഇനി കളി മതിയാക്കൂ... റാഞ്ചിയിലെ വീട്ടില്‍ ഞങ്ങള്‍ക്കൊപ്പം ഇനി കഴിയൂ... എന്നാണ് താരത്തിന്റെ മാതാപിതാക്കള്‍ പറയുന്നതെന്ന് കേശവ് വെളിപ്പെടുത്തി. എങ്ങനെ പറന്നു വരുന്ന പന്തും കൈപ്പിടിയിലൊതുക്കാനുള്ള ധോണിയുടെ കഴിവ് ശ്രദ്ധയില്‍പ്പെട്ട കേശവാണ് താരത്തെ ഗോള്‍കീപ്പര്‍ എന്ന റോളില്‍ നിന്ന് ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍ എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്തത്.

''ഞാന്‍ കഴിഞ്ഞ ദിവസം ധോണിയുടെ വീട്ടില്‍ പോയിരുന്നു. അവന്റെ മാതാപിതാക്കളോട് കുറച്ച് നേരം സംസാരിച്ചു. അവര്‍ പറയുന്നത്, ധോണി കളി മതിയാക്കണം എന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞു, ധോണി ഒരു വര്‍ഷം കൂടിയെങ്കിലും കളിക്കണമെന്ന്. ട്വന്റി 20 ലോകകപ്പോടെ ക്രിക്കറ്റില്‍ നിന്ന് പാഡഴിക്കുന്നതാകും ധോണിക്ക് നല്ലതെന്നും ഞാന്‍ കരുതുന്നു. പക്ഷേ അവര്‍ പറയുന്നത്, ഇത്രയും വലിയ വീട് ആര് നോക്കും എന്നാണ്. പക്ഷേ ഞാന്‍ പറഞ്ഞു, ഇത്രയും കാലം നിങ്ങള്‍ നോക്കിയില്ലേ, ഒരു വര്‍ഷം കൂടി കാത്തിരിക്കൂ.'' - കേശവ് പറഞ്ഞു.