LiveTV

Live

Cricket

അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇംഗ്ലണ്ട് ക്യാപ്ടൻ മോർഗൻ  

ഇംഗ്ലണ്ടിന്റെ വിജയാഘോഷത്തിനിടെ ഷാംപെയ്ൻ തുറന്നപ്പോൾ മുഈൻ അലിയും ആദിൽ റാഷിദും മാറിനിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. 

അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇംഗ്ലണ്ട് ക്യാപ്ടൻ മോർഗൻ  

ലണ്ടൻ: ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തിൽ അല്ലാഹു തങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് ഇംഗ്ലണ്ട് ക്യാപ്ടൻ ഓയിൻ മോർഗൻ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലാണ് മോർഗൻ ഇക്കാര്യം പരാമർശിച്ചത്. 'അല്ലാഹുവും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഞാൻ ആദിൽ റാഷിദിനോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞത് തീർച്ചയായും അല്ലാഹു നമുക്കൊപ്പമാണെന്നാണ്.' മോർഗൻ പറഞ്ഞു.

വിജയത്തിൽ 'ഐറിഷ് ഭാഗ്യം' കൂടെയുണ്ടായിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഐറിഷ് വംശജനായ മോർഗൻ ആദിൽ റാഷിദിന്റെ വിശ്വാസം പരാമർശിച്ചത്. വ്യത്യസ്ത പശ്ചാത്തലത്തിലും സംസ്‌കാരത്തിലുമുള്ള കളിക്കാരുടെ സംഗ്രഹമാണ് ഇംഗ്ലണ്ട് ടീമെന്നും ഭാഗ്യത്തിന്റെ കൂടി പിന്തുണയോടെയാണ് ജയിച്ചതെന്നും മോർഗൻ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട് ടീമിലെ വംശീയ വൈജാത്യത്തെക്കുറിച്ചുള്ള ചർച്ചകൾ ലോകകപ്പ് നേടിയതോടെ ശക്തമായിട്ടുണ്ട്. ഇംഗ്ലണ്ട് ടീമിലെത്തുംമുമ്പ് അയർലാന്റിനു വേണ്ടി കളിച്ചിരുന്നയാളാണ് ക്യാപ്ടൻ മോർഗൻ. ഫൈനലിൽ നിർണായക പ്രകടനം നടത്തിയ ബെൻ സ്റ്റോക്‌സ് ന്യൂസിലാന്റിൽ ജനിച്ചയാളാണ്. ഓപണർ ജേസൺ റോയ് ദക്ഷിണാഫ്രിക്കയിലാണ് ജനിച്ചത്. സ്പിന്നർമാരായ ആദിൽ റാഷിദും മോയിൻ അലിയും പാകിസ്താനിൽ നിന്ന് കുടിയേറിയ മാതാപിതാക്കളുടെ മക്കളാണ്. കരീബിയനിലെ ബർഡബോസ് സ്വദേശിയായ ജോഫ്ര ആർച്ചർ വെസ്റ്റ് ഇൻഡീസിനു വേണ്ടി അണ്ടർ 19 ടീമിൽ കളിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന്റെ നിർണായക സൂപ്പർ ഓവർ എറിഞ്ഞത് ജോഫ്രയാണ്.

അല്ലാഹു ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇംഗ്ലണ്ട് ക്യാപ്ടൻ മോർഗൻ  

ലോകകപ്പ് വിജയം നന്നായി ആഘോഷിക്കുമെന്നും അർഹിച്ച വിജയമാണ് തങ്ങൾ നേടിയതെന്നും മോർഗൻ പറഞ്ഞു. അടുത്ത ലോകകപ്പിനെപ്പറ്റി ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും നാലു വർഷത്തിനു ശേഷം താൻ ടീമിലുണ്ടാകുമോ എന്നുപോലും പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇംഗ്ലണ്ടിന്റെ വിജയാഘോഷത്തിനിടെ ഷാംപെയ്ൻ തുറന്നപ്പോൾ മുഈൻ അലിയും ആദിൽ റാഷിദും മാറിനിൽക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. മുസ്‌ലിംകളായ ഇരുവരും മദ്യം ഇസ്‌ലാമിൽ നിഷിദ്ധമായതിനാലാണ് യൂറോപ്യൻ രീതിയിലുള്ള ആഘോഷത്തിൽ നിന്നു വിട്ടുനിന്നത്. മുമ്പ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരമായി മദ്യക്കുപ്പി ലഭിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റി താരമായിരുന്ന യായ ടൂറെ 'ഞാൻ മുസ്‌ലിമാണ്, ഞാനിത് കുടിക്കില്ല' എന്നുപറഞ്ഞ് സഹതാരം ലെസ്‌കോട്ടിന് കൈമാറിയത് വാർത്തയായിരുന്നു.