ഇംഗ്ലണ്ട് കന്നി കിരീടം ഉയര്‍ത്തിയാല്‍ സന്തോഷിക്കുക, ഈ അഞ്ച് രാജ്യങ്ങള്‍ കൂടിയാണ്...
കന്നി കിരീടം തേടിയിറങ്ങുന്ന ഇംഗ്ലീഷ് ടീമിനെ ലോക ടീം എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
ഇംഗ്ലണ്ട് കന്നി കിരീടം നേടുകയാണെങ്കില്‍ അതില്‍ ആനന്ദിക്കുക ഇംഗ്ലണ്ട് നിവാസികള്‍ മാത്രമായിരിക്കില്ല, വിവിധ ലോക രാജ്യങ്ങള്‍ കൂടിയായിരിക്കും. ഇംഗ്ലണ്ടിന്റെ 15 അംഗ ടീമിലെ 6 പേര് വിവിധ രാജ്യങ്ങളുടെ പ്രതിനിധികളാണെന്നതാണ് ഇതിന് കാരണം.
കന്നി കിരീടം തേടിയിറങ്ങുന്ന ഇംഗ്ലീഷ് ടീമിനെ ലോക ടീം എന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ക്യാപ്റ്റന്‍ അടക്കം 6 താരങ്ങളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഇംഗ്ലണ്ട് ടീമില്‍ ഉള്ളത്. ഇംഗ്ലണ്ട് നായകന് ഇയാന്‍ മോര്ഗന് അയര്‍ലണ്ട് സ്വദേശിയാണ്. അയര്‍ലണ്ടിന് വേണ്ടി 2007 ലെ ഏകദിനം കളിച്ചിട്ടുള്ള മോര്ഗന് 2009 ലാണ് ഇംഗ്ലണ്ട് ടീം അംഗമാകുന്നത്. 2015 ലോകകപ്പിന് മുന്‍പായാണ് മോര്ഗന് ഇംഗ്ലണ്ടിന്റെ ഏകദിന നായകനായി നിയമിതനായത്.
ഓപ്പണര്‍ ജേസന്‍ റോയ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയാണ്. തന്റെ പത്താം വയസിലാണ് മാതാപിതാക്കള്‍ക്കൊപ്പം ജേസന്‍ റോയ് ഇംഗ്ലണ്ടിലേക്ക് എത്തുന്നത്. പേസര്‍ ടോം കറണ്‍ ആണ് ടീമിലെ മറ്റൊരു ദക്ഷിണാഫ്രിക്കന്‍ വംശജന്. ടോമിന്റെ പിതാവ് കെവിന് കറണ്‍ സിംബാബ്വെ ക്രിക്കറ്റ് ടീം അംഗമായിരുന്നു. ടോം കറണിന്റ സഹോദരന് സാം കറണും ഇംഗ്ലണ്ട് താരമാണ്. പാകിസ്താന് വംശജനാണ് സ്പിന്നര്‍ ആദില്‍ റഷീദ്. പാക് അധീന കാശ്മിര്‍ സ്വദേശികളായ മാതാപിതാക്കള്‍ 1967 ലാണ് ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലണ്ട് ടീമിലെത്തിയ ആദ്യ പാക് വംശജനാണ് ആദില്‍ റഷീദ്. പാക് വംശജനാണ് ആള് റൌണ്ടര്‍ മോയീന്‍ അലി. പാക് അധീന കശ്മീര്‍ സ്വദേശികളാണ് അലിയുടെ പൂര്‍വികര്‍.
വെസ്റ്റിന്‍ഡീസ് പ്രതിനിധിയാണ് പേസ് ബൌളര്‍ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുമുണ്ട്. ആര്‍ച്ചറുടെ പിതാവ് ഇംഗ്ലണ്ട് പൌരനാണ്. പക്ഷേ 18 വയസിന് ശേഷം ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടില്‍ ഉണ്ടായിരുന്നില്ല. ഇംഗ്ലണ്ടില്‍ 7 വര്‍ഷമായി താമസിക്കുന്നയാള്‍ക്ക് മാത്രമാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ടീമില്‍ അംഗത്വം അനുവദിക്കുകയുള്ളു. എന്നാല്‍ ജോഫ്ര ആര്‍ച്ചറുടെ കാര്യത്തില്‍ ഇത് 3 വര്‍ഷമായി ലഘൂകരിച്ചാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഫൈനലിലെ എതിരാളികളായ ന്യൂസിലന്‍ഡില്‍ നിന്നുള്ള താരമാണ് ഓള് റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച ബെന്‍ സ്റ്റോക്സ് 13 വയസിലാണ് ഇംഗ്ലണ്ടിലെത്തിയത്.