LiveTV

Live

Cricket

ഒരു കളിപോലും കളിക്കാതെ സൂപ്പര്‍ ഹിറ്റായ ‘ഐസ്‌ലാന്റ് ക്രിക്കറ്റ്’

ഇന്ത്യ ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയെ തന്നെ അവര്‍ ട്രോളിയിരിക്കുന്നു.

ഒരു കളിപോലും കളിക്കാതെ സൂപ്പര്‍ ഹിറ്റായ ‘ഐസ്‌ലാന്റ് ക്രിക്കറ്റ്’

ഐസ്‌ലാന്റ് ക്രിക്കറ്റ് ടീം ആദ്യ അന്താരാഷ്ട്ര മത്സരം ഇനിയും കളിക്കാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ അവര്‍ ഇപ്പോള്‍ തന്നെ താരമാണ്. ഐസ്‌ലാന്റ് ക്രിക്കറ്റ് എന്ന ട്വിറ്റര്‍ പേജാണ് ട്രോളുകളിലൂടെ ക്രിക്കറ്റ് ലോകത്തും ഐസ്‌ലാന്റിന്റെ പേരെത്തിക്കുന്നത്. ഇപ്പോള്‍ തന്നെ 17,500 ഫോളോവേഴ്‌സുമായി അവര്‍ ട്വിറ്ററില്‍ രണ്ടാമത്തെ ജനപ്രീതിയുള്ള അമേച്വര്‍ ക്രിക്കറ്റ് ടീമായി കഴിഞ്ഞു.

വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അമ്പാട്ടി റായിഡുവിനെ ഐസ്‌ലാന്റിലേക്ക് ക്ഷണിച്ചാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് എന്ന ട്വിറ്റര്‍ പേജ് സൂപ്പര്‍ ഹിറ്റാകുന്നത്. അഫ്ഗാന്‍ ബൗളര്‍ റാഷിദ് ഖാന് ഇംഗ്ലണ്ടിനെതിരെ കണക്കിന് തല്ല് കിട്ടിയപ്പോഴും പാകിസ്താന്റെ സെമി സാധ്യതകള്‍ കണക്കില്‍ മാത്രം തെളിഞ്ഞപ്പോഴും ഐസ്‌ലാന്റ് ക്രിക്കറ്റ് പേജില്‍ട്രോളുകള്‍ നിറഞ്ഞു.

ന്യൂസിലന്റിനെതിരെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിംങ് നിര തകര്‍ന്നടിഞ്ഞപ്പോഴും വന്നിരുന്നു ട്രോള്‍. ജഡേജയുടെ ഒറ്റയാള്‍ പോരാട്ടത്തിനും കിട്ടി കയ്യടി.

ഇപ്പോഴിതാ ഇന്ത്യ ലോകകപ്പില്‍ പുറത്തായതിന് പിന്നാലെ ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ കക്ഷിയായ ബി.ജെ.പിയെ തന്നെ അവര്‍ ട്രോളിയിരിക്കുന്നു. ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ പേരുകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ സോഷ്യല്‍മീഡിയ കണ്ടെത്തിയതാണ് ഐസ്‌ലാന്റ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ക്രിക്കറ്റില്‍ തുടക്കക്കാരെങ്കിലും ഫുട്‌ബോളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള രാജ്യമാണ് ഐസ്‌ലാന്റ്. 2016 യൂറോ കപ്പില്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ (2-1) തോല്‍പിച്ച് അവര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മത്സരശേഷമുള്ള ആരാധകരുമൊത്തുള്ള ഐസ്‌ലാന്റ് ടീമിന്റെ ആഘോഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. അവരുടെ വൈക്കിംങ് ക്ലാപ് ഇങ്ങ് ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് വരെ ആരാധകരെ ആവേശത്തിലാക്കാന്‍ ഉപയോഗിച്ചു. 2018 ലോകകപ്പില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ചും അവര്‍ ഞെട്ടിച്ചു.

ക്രിക്കറ്റില്‍ അവര്‍ തുടങ്ങുന്നേയുള്ളൂ. 3.38 ലക്ഷം മാത്രമാണ് വര്‍ഷത്തില്‍ ഭൂരിഭാഗവും മഞ്ഞുമൂടിക്കിടക്കുന്ന ഐസ്‌ലാന്റിലെ ജനസംഖ്യ. ഐസ്‌ലാന്റ് ക്രിക്കറ്റ് അസോസിയേഷന്‍ 2000ത്തിലാണ് രൂപീകരിക്കുന്നത്. കാര്യമായ പരിശീലന സൗകര്യങ്ങള്‍ പോലും ഇപ്പോഴും അവര്‍ക്കില്ല. എങ്കിലും ഫുട്ബോളിന് സമാനമായി ക്രിക്കറ്റിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന ശുഭാപ്തിവിശ്വാസമാണ് ഐസ്ലാന്റിന്റെ മുതല്‍കൂട്ട്.