LiveTV

Live

Cricket

ഓസീസിനെ വരിഞ്ഞു കെട്ടി ഇംഗ്ലണ്ട്

ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദിൽ റാഷിദും 3 വിക്കറ്റ് വീതമെടുത്തു.

ഓസീസിനെ വരിഞ്ഞു കെട്ടി ഇംഗ്ലണ്ട്

ലോകകപ്പ് ക്രിക്കറ്റിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം സെമി ഫെെനലിൽ ആസ്ത്രേലിയക്ക് ബാറ്റിങ് തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 223 റൺസിന് എല്ലാവരും കൂടാരം കയറുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്ത് (85) മാത്രമാണ് ആസ്ത്രേലിയൻ നിരയിൽ തിളങ്ങിയത്.

പേരുകേട്ട ഓസീസ് ബാറ്റിങ് പടയെ ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞ് മുറുക്കുന്ന കാഴ്ച്ചയാണ് ഫീൽഡിൽ കണ്ടത്. ഇംഗ്ലണ്ടിനായി ക്രിസ് വോക്സും ആദിൽ റാഷിദും 3 വിക്കറ്റ് വീതമെടുത്തു.

ഓസീസിനെ വരിഞ്ഞു കെട്ടി ഇംഗ്ലണ്ട്

14 റൺസെടുക്കുന്നതിനിടെ മൂന്ന് മുൻ നിര വിക്കറ്റുകളാണ് ആസ്ത്രേലിയക്ക് നഷ്ടമായത്. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർ അരോൺ ഫിഞ്ച് വിക്കറ്റിന് മുന്നിൽ കുരുങ്ങി പുറത്താവുമ്പോൾ, ആസ്ത്രേലിയൻ സ്കോർ ഒരോവറിൽ 4 റൺസ് മാത്രം. ജോഫ്രാ ആർച്ചറിനായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണറും പുറത്തായി. 9 റൺസെടുത്ത വാർണറിനെ ക്രിസ് വോക്സ് ആണ് മടക്കി അയച്ചത്. തൊട്ടുടനെ തന്നെ പീറ്റർ ഹാൻഡ്സ്കോമ്പിനേയും (4) പറഞ്ഞയച്ച് വോക്സ് ആസ്ത്രേലിയൻ നില പരുങ്ങലിലാക്കുകയായിരുന്നു.

തുടർന്നെത്തിയ സ്റ്റീവ് സ്മിത്ത് വിക്കറ്റ് കീപ്പർ അലക്സ് കാരിയുമായി (46) ചേർന്ന് ടീമിനെ നാണക്കേടിൽ നിന്ന് കരകയറ്റുകയായിരുന്നു. മാക്സ്‍വെൽ 22 റൺസെടുത്ത് പുറത്തായി. സ്റ്റോണിസ് പൂജ്യനായി മടങ്ങിയപ്പോൾ, സ്റ്റാർക്ക് 29 റൺസെടുത്തു. മൂന്ന് വിക്കറ്റ് വീതമെടുത്ത ആദിൽ റാഷിദിനും വോക്സിനും പുറമെ, ആർച്ചർ രണ്ടും മാര്‍ക്ക് വുഡ് ഒരു വിക്കറ്റും ഇംഗ്ലണ്ടിനായി വീഴ്ത്തി.