LiveTV

Live

Cricket

ആരാധകരുടെ കണ്ണുകളെല്ലാം രോഹിത് ശര്‍മ്മയുടെ ബാറ്റിലേക്ക്...

സച്ചിന്‍ തെണ്ടുല്‍ക്കറുടെ രണ്ട് റെക്കോര്‍ഡുകളാണ് രോഹിതിന് മുന്നില്‍ വഴിമാറാന്‍ നില്‍ക്കുന്നത്.

ആരാധകരുടെ കണ്ണുകളെല്ലാം രോഹിത് ശര്‍മ്മയുടെ ബാറ്റിലേക്ക്...

ഇന്ത്യ-ന്യൂസിലാന്‍ഡ് സെമിയില്‍ ആരാധകരുടെ കണ്ണുകളെല്ലാം ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയുടെ നേര്‍ക്കാണ്. ഈ ലോകകപ്പിലെ മിന്നും ഫോം രോഹിത് തുടര്‍ന്നാല്‍ അത് ചരിത്രമാകും. സച്ചിന്‍ തെണ്ടുല്‍ക്കറുടെ രണ്ട് റെക്കോര്‍ഡുകളാണ് രോഹിതിന് മുന്നില്‍ വഴിമാറാന്‍ നില്‍ക്കുന്നത്.

ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, ഒരു ലോകകപ്പില്‍ കൂടുതല്‍ സെഞ്ചുറി നേടിയ താരം, സച്ചിന്റെ പേരിലുള്ള രണ്ട് റെക്കോര്‍ഡുകള്‍ രോഹിതിന് വഴിമാറുമോ, 27 റണ്‍സ് കൂടി നേടിയാല്‍ ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ് രോഹിതിന് സ്വന്തമാകും. 2003 ലോകകപ്പില്‍ 673 റണ്‍സ് നേടിയ സച്ചിന്റെ പേരിലാണ് നിലവില്‍ റെക്കോര്‍ഡ്. സച്ചിനും രോഹിതിനും നിലവില്‍ ആറ് ലോകകപ്പ് സെഞ്ചുറികളാണ് ഉള്ളത്. ഒരു ശതകം കൂടി വന്നാല്‍ അവിടെയും രോഹിത് ഒറ്റയ്ക്ക് മുന്നിലെത്തും.

സെമിയില്‍ 53 റണ്‍സ് നേടിയാല്‍ ഒരു ലോകകപ്പില്‍ 700 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമാകാനും കഴിയും രോഹിതിന്. നിലവില്‍ 9 മത്സരങ്ങളില്‍ 647 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ ആരും കൊതിച്ച് പോകുന്ന ഫോമിലാണ് രോഹിത് ശര്‍മ്മ. 2018 ജൂലൈ മുതല്‍ 2019 ജൂലൈ വരെയുള്ള കാലയളവില്‍ രോഹിത് അടിച്ച് കൂട്ടിയത് 10 സെഞ്ചുറികള്‍. അവിടെയും പിന്തള്ളിയത് സച്ചിനെ.1997 ഡിസംബര്‍ മുതല്‍ 98 ഡിസംബര്‍ വരെ സച്ചിന്‍ 9 സെഞ്ചുറി നേടിയിരുന്നു.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി.ശ്രീലങ്കയ്ക്കെതിരെ രോഹിതും രാഹുലും സെഞ്ചുറി നേടിയിരുന്നു. ലോകകപ്പില്‍ ഇത് ആദ്യമായാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും സെഞ്ചുറി നേടുന്നത്. ലോകകപ്പില്‍ ഈ നേട്ടം കൈവരിച്ച മറ്റൊരു ഓപ്പണിങ് ജോഡി മാത്രമേയുള്ളു. ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷനും ഉപുല്‍ തരംഗയും. 2011 ലോകകപ്പില്‍ രണ്ട് തവണ അവര്‍ ഈ നേട്ടം കൈവരിച്ചു.