LiveTV

Live

Cricket

പാകിസ്താന്റെ സെമി സാധ്യത അഥവാ നടക്കാത്ത സ്വപ്നം

കിവീസിനെ മറികടന്ന് നാലാമതെത്തണമെങ്കില്‍ പാകിസ്ഥാന് സാധാരണ ജയമൊന്നും പോര.

പാകിസ്താന്റെ സെമി സാധ്യത അഥവാ നടക്കാത്ത സ്വപ്നം

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അവസാന ലീഗ് മത്സരത്തിനിറങ്ങുമ്പോള്‍ പാകിസ്താന് സെമി പ്രതീക്ഷകള്‍ കണക്കില്‍ മാത്രം. ആതിഥേയരായ ഇംഗ്ലണ്ട് ന്യൂസിലന്റിനെ തോല്‍പിച്ചതോടെയാണ് പാകിസ്താന്റെ സാധ്യതകള്‍ തീര്‍ത്തും മങ്ങിയത്. നേരത്തെ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റതും പാകിസ്താന് തിരിച്ചടിയായിരുന്നു.

ഒമ്പതുകളികളില്‍ നിന്നും 11 പോയിന്റോടെ ന്യൂസിലന്റാണ് നിലവില്‍ നാലാം സ്ഥാനത്തുള്ളത്. കിവീസിനെ മറികടന്ന് നാലാമതെത്തണമെങ്കില്‍ പാകിസ്ഥാന് സാധാരണ ജയമൊന്നും പോര. റണ്‍റേറ്റില്‍ ന്യൂസിലന്റ് (+0.175) പാകിസ്താനേക്കാള്‍(-0.792) ഏറെ മുന്നിലാണെന്നതാണ് പ്രധാന പ്രശ്‌നം. നിലവില്‍ എട്ട് കളികളില്‍ നിന്നും ഒമ്പത് പോയിന്റാണ് പാകിസ്താനുള്ളത്.

ലോകകപ്പ് പോയിന്‍റ് ടേബിള്‍
ലോകകപ്പ് പോയിന്‍റ് ടേബിള്‍

ആദ്യം ബാറ്റുചെയ്ത് 350റണ്‍ നേടുകയും 311 റണ്‍സിന്റെ ജയം നേടുകയും ചെയ്യുകയോ 400 റണ്‍നേടി 316റണ്‍സിന്റെ ജയം നേടുകയോ ചെയ്താല്‍ മാത്രമാണ് പാകിസ്താന് റണ്‍ നിരക്കില്‍ ന്യൂസിലന്റിനെ മറികടക്കാനാവുക. ഇനി ആദ്യം ബൗള്‍ ചെയ്യേണ്ടി വന്നാല്‍ പാകിസ്താന്റെ പ്രതീക്ഷകള്‍ മത്സരം തുടങ്ങുന്നതോടെ അവസാനിക്കുകയും ചെയ്യും. ഈ കണക്കുകള്‍ തന്നെയാണ് പാക് സെമി സാധ്യതകളെ കടലാസില്‍ ഒതുക്കുന്നത്. ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ ഗംഭീരമായ തിരിച്ചുവരവാണ് പാകിസ്താന്‍ ലോകകപ്പില്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയേയും ന്യൂസിലന്റിനേയും അഫ്ഗാനിസ്ഥാനേയും അവര്‍ തോല്‍പിച്ചു.

മറുവശത്ത് ബംഗ്ലാദേശിന് പാകിസ്താനെ അട്ടിമറിച്ച് തലയുയര്‍ത്തി നാട്ടിലേക്ക് മടങ്ങുകയെന്നത് മാത്രമേ ലക്ഷ്യമുണ്ടാകൂ. 1999 ലോകകപ്പില്‍ ബംഗ്ലാദേശ് പാകിസ്താനെ തോല്‍പ്പിച്ചതുമാണ്. നിലവില്‍ പോയിന്റ് നിലയില്‍ ഏഴാം സ്ഥാനത്തുള്ള ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയേയും അഫ്ഗാനിസ്ഥാനേയും വെസ്റ്റിന്‍ഡീസിനേയും തോല്‍പിച്ചിട്ടുണ്ട്. മാത്രമല്ല ഒരു ലോകകപ്പില്‍ 500 റണ്ണും 10 വിക്കറ്റും നേടുന്ന ആദ്യതാരമായി അവരുടെ സ്വന്തം ഷാകിബ് അല്‍ഹസന്‍ മാറുകയും ചെയ്തു.