മഞ്ജരേക്കറുടെ പരിഹാസത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി ജഡേജ
രവീന്ദ്ര ജഡേജയെപ്പോലെ അവിടെയും ഇവിടെയും വന്നും പോയും ഇരിക്കുന്ന കളിക്കാരുടെ ആരാധകനല്ല താനെന്നായിരുന്നു...

മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുടെ പരിഹാസത്തിന് ചുട്ടമറുപടിയുമായി ഇന്ത്യന്‍ ലോകകപ്പ് ടീം അംഗം രവീന്ദ്ര ജഡേജ. മഞ്ജരേക്കര്‍ കളിച്ചതിനേക്കാള്‍ ഇരട്ടിയോളം മത്സരങ്ങള്‍ താന്‍ കളിച്ചിട്ടുണ്ടെന്നും നേട്ടം കൈവരിച്ചവരെ അംഗീകരിക്കാന്‍ ആദ്യം പഠിക്കണമെന്നുമായിരുന്നു ജഡേജയുടെ പ്രതികരണം.
ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിന് മുമ്പായി ആവശ്യമെങ്കില്‍ ടീമില്‍ പന്ത്രണ്ടാമനായ രവീന്ദ്ര ജഡേജയെ ഫീല്‍ഡിംഗിന് ഇറക്കുമെന്ന് സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കിയിരുന്നു. ബംഗ്ലാദേശിന് മുമ്പായി ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പകരക്കാരനായി മൈതാനത്തെത്തിയ ജഡേജ രണ്ട് ക്യാച്ചുകള്‍ എടുത്ത പശ്ചാത്തലത്തിലായിരുന്നു ബംഗാറിന്റെ പ്രതികരണം.
രവീന്ദ്ര ജഡേജയെപ്പോലെ അവിടെയും ഇവിടെയും വന്നും പോയും ഇരിക്കുന്ന കളിക്കാരുടെ ആരാധകനല്ല താനെന്നായിരുന്നു മുന്‍ താരമായ സഞ്ജയ് മഞജരേക്കറുടെ കമന്റ്. ടെസ്റ്റില്‍ ജഡേജ മികച്ചൊരു ബൗളറാണ്, എന്നാല്‍ ഏകദിനത്തില്‍ ജഡേജയ്ക്ക് പകരം താനൊരു ബാറ്റ്സ്മാനെയോ സ്പിന്നറെയോയാണ് പരിഗണിക്കുകയെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനോട് ഒട്ടും മയത്തിലല്ല രവീദ്ര ജഡേജയുടെ ട്വീറ്റ്. നിങ്ങളുടെ വായാടിത്തം ഞാന്‍ കേട്ടു, നിങ്ങളേക്കാള്‍ ഇരട്ടിയോളം മത്സരങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്, ഇപ്പോഴും കളിക്കുന്നു. നേട്ടങ്ങള്‍ കൈവരിച്ചവരെ ബഹുമാനിക്കാന്‍ ആദ്യം പഠിക്കൂ എന്നായിരുന്നു ജഡേജയുടെ പ്രതികരണം.