LiveTV

Live

Cricket

അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം

ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാകിസ്താന്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തി

 അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം

ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്താന് മൂന്ന് വിക്കറ്റിന്റെ നാടകീയ ജയം. വിജയലക്ഷ്യമായ 228 റണ്‍സ് അവസാന ഓവറിലെ നാലാം പന്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ മറികടന്നു. രണ്ട് വിക്കറ്റ് നേടുകയും 49 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ചെയ്ത ഇമാദ് വസീമാണ് പാക് ടീമിന് ജയം സമ്മാനിച്ചത്. ജയത്തോടെ സെമി സാധ്യതകള്‍ നിലനിര്‍ത്തിയ പാകിസ്താന്‍ ഒമ്പത് പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

സ്പിന്‍ കെണിയില്‍ ഇന്ത്യയെ പരീക്ഷിച്ച അഫ്ഗാനിസ്ഥാന്‍ അതേ മികവ് പാകിസ്താനോടും ആവര്‍ത്തിച്ചപ്പോള്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് ടൂര്‍ണമെന്റിലെ കുഞ്ഞന്മാരായ അഫ്ഗാനോട് ജയിക്കാന്‍ നന്നായി അധ്വാനിക്കണ്ടിവന്നു. 228 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന് മുറയ്ക്ക് വിക്കറ്റുകള്‍ നഷ്ടമായി. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ഓപ്പണര്‍ ഫഖര്‍ സമാനെ മുജീബ് മടക്കി.

ഇമാം ഉള്‍ ഹഖ് മുപ്പത്തിയാറും ബാബര്‍ അസം നാല്‍പത്തിയഞ്ചും റണ്‍ നേടി. ഒരു ഘട്ടത്തില്‍ 156ന് ആറ് എന്ന നിലയില്‍ പാകിസ്താന്‍ പരാജയം മുന്നില്‍ കണ്ടു. മുജീബ് റഹ്മാന്‍, മുഹമ്മദ് നബി, റഷീദ് ഖാന്‍ എന്നീ സ്പിന്നര്‍മാര്‍ക്കായിരുന്നു അഫ്ഗാന്‍ നിരയില്‍ വിക്കറ്റ്.

വാലറ്റത്തെ കൂട്ടുപിടിച്ച് ഇമാദ് വസിം ചെറുത്തുനില്‍പ്പ് ആരംഭിച്ചു. ഒമ്പതാമനായി ക്രീസിലെത്തിയ വഹാബ് റിയാസ് നടത്തിയ പ്രത്യാക്രമണം അവസാന നിമിഷത്തെ സമ്മര്‍ദ്ദം ഇല്ലാതാക്കുകയും ചെയ്തു. അമ്പതാം ഓവറിലെ നാലാം പന്തില്‍ ബൌണ്ടറിയോടെ ഇമാദ് വസിം ജയം പിടിച്ചെടുത്തു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 4 വിക്കറ്റ് നേടിയ ഷഹീന്‍ അഫ്രിദി, രണ്ട് വിക്കറ്റ് വീതം നേടിയ വഹാബ് റിയാസ്, ഇമാദ് വസിം എന്നിവര്‍ ചേര്‍ന്നാണ് ചെറിയ സ്കോറില്‍ ഒതുക്കിയത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന പാകിസ്താന്‍ സെമി സാധ്യതകള്‍ നിലനിര്‍ത്തി.