LiveTV

Live

Cricket

പാക് അഫ്ഗാന്‍ മത്സരത്തിനിടെ ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

കാണികള്‍ പ്രകോപനപരമായി പെരുമാറുന്നത് അനുവദിക്കാനാവില്ലെന്നും ലോകകപ്പ് വേദികള്‍ രാഷ്ട്രീയ പ്രചാരണ വേദികളാക്കി മാറ്റരുതെന്നും ഐ.സി.സി വ്യക്തമാക്കി

പാക് അഫ്ഗാന്‍ മത്സരത്തിനിടെ ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍

പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ മത്സരത്തിനിടെ ഇരുവിഭാഗം ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. പൊലീസ് അധികൃതര്‍ ഇടപെട്ട് പ്രശ്നക്കാരെ സ്റ്റേഡിയത്തില്‍ നിന്ന് ഒഴിപ്പിച്ചു. മത്സര വേദികളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ഐ.സി.സി അധികൃതര്‍ അറിയിച്ചു.

മത്സരത്തിന് വേദിയായ ലീഡ്സിലെ ഹെഡിങ്‍ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് പുറത്താണ് പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇത് ചിത്രീകരിക്കാന്‍ ശ്രമിച മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. മത്സരം തുടങ്ങുന്നതിന് മുമ്പ് ടിക്കറ്റില്ലാത്ത ചിലര്‍ സ്റ്റേഡിയത്തിന്റെ ബാരിക്കേഡ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ ആദ്യ ഘട്ടം തുടങ്ങിയത്. ബലോചിസ്ഥാന് നീതി വേണം എന്ന സന്ദേശമുള്ള ബാനറുമായി ഒരു ചെറുവിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കവും ഉന്തും തള്ളുമായി. ഇതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ ഇവരെ സ്റ്റേഡിയത്തിന് പുറത്താക്കിയതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയത്.

രാഷ്ട്രീയ സ്വഭാവമുള്ള സന്ദേശവുമായി വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്ന സംഭവം അതീവ ഗൌരവ സ്വഭാവമുള്ളതാണെന്ന് ഐ.സി.സി പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തും. കാണികള്‍ പ്രകോപനപരമായി പെരുമാറുന്നത് അനുവദിക്കാനാവില്ലെന്നും ലോകകപ്പ് വേദികള്‍ രാഷ്ട്രീയ പ്രചാരണ വേദികളാക്കി മാറ്റരുതെന്നും ഐ.സി.സി വ്യക്തമാക്കി.