LiveTV

Live

Cricket

ഷമി തന്നെ ഹീറോ

ആദ്യ അവസരത്തില്‍ തന്നെ ഹാട്രിക് പ്രകടനവുമായി മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് ഈ 29 കാരന്‍ തെളിയിച്ചു.

 ഷമി തന്നെ ഹീറോ

കിട്ടിയ അവസരം നന്നായി വിനിയോഗിക്കുകയാണ് മുഹമ്മദ് ഷമി. ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ടീമിലിടം കിട്ടിയ ഷമി രണ്ട് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുകളാണ് വീഴ്ത്തിയത്.

കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായിരുന്നു മുഹമ്മദ് ഷമി. ഏഴ് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 17 വിക്കറ്റ്. പക്ഷെ ഇത്തവണ ഷമിക്ക് പകരം ബുംറയെയും ഭുവനേശ്വര്‍ കുമാറിനെയുമാണ് ആദ്യ നാല് മത്സരങ്ങളില്‍ ഇന്ത്യ പന്തേല്‍പ്പിച്ചത്.

പക്ഷെ ഭുവനേശ്വറിന് പരിക്കേറ്റതോടെ ഷമി ടീമിലെത്തി. ആദ്യ അവസരത്തില്‍ തന്നെ ഹാട്രിക് പ്രകടനവുമായി മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്ന് ഈ 29 കാരന്‍ തെളിയിച്ചു.

വിന്‍ഡീസിനെതിരെ ഷമിയേക്കാള്‍ ഉപയോഗപ്പെടുക ഭുവനേശ്വറാണെന്ന് പറഞ്ഞവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുണ്ട്. പക്ഷെ വിന്‍ഡീസ് നിരയിലെ അപകടകാരികളായ ഗെയ്ലിനെയും ഷായ് ഹോപിനെയും തുടക്കത്തിലേ വീഴ്ത്തി ഷമി ടീമിന്റെ തന്റെ സ്ഥാനത്തെ ന്യായീകരിച്ചു.

വെടിക്കെട്ടിന് പേരുകേട്ട ഹെറ്റ്മെയറെയും ഡ്രസിങ് റൂമിലയച്ച് ആശങ്ക അവസാനിപ്പിച്ചു. ഒടുവില്‍ ഒഷേന്‍ തോമസിനെയും മടക്കി ഇന്ത്യന്‍ ജയം വേഗത്തിലാക്കി. 6.2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങിയാണ് ഷമി 4 വിക്കറ്റെടുത്തത്. ഷമിയുടെ കരിയറിലെ ഏറ്റവും മികച്ച ബൌളിങ് പ്രകടനവും ഇതാണ്.