LiveTV

Live

Cricket

ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ

ആദ്യം ബാറ്റിംങിനിറങ്ങി 268 റണ്‍സിലൊതുങ്ങിയെങ്കിലും ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് 125 റണ്‍സിന്‍റെ ആധികാരിക ജയമൊരുക്കിയത്...

ജൈത്രയാത്ര തുടര്‍ന്ന് ടീം ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരെ 125 റണ്‍സിന്റെ ആധികാരിക ജയത്തോടെ ഇന്ത്യ ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കി. ഇന്ത്യയോട് പരാജയപ്പെട്ട വിന്‍ഡീസ് ലോകകപ്പില്‍ നിന്നും പുറത്തായി. ആദ്യം ബാറ്റിംങിനിറങ്ങി 268 റണ്‍സിലൊതുങ്ങിയെങ്കിലും ബൗളര്‍മാരുടെ ഗംഭീര പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഇന്ത്യക്കുവേണ്ടി ഷമി നാല് വിക്കറ്റും കളിയിലെ താരമായ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി 72 റണ്‍സും നേടി.

സ്‌കോര്‍: ഇന്ത്യ 268/7 (50 ഓവര്‍), വെസ്റ്റിന്‍ഡീസ് 143 ഓള്‍ഔട്ട്(34.2 ഓവര്‍)

ഇന്ത്യയുടെ ഓപണിംങ് ബൗളര്‍മാരായ ബുംറ- ഷമി സഖ്യത്തിന് മുന്നില്‍ തകര്‍ച്ചയോടെയായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഒരു സ്‌ട്രോക്കുപോലും കളിക്കാനാകാതെ പരുങ്ങിയ ക്രിസ് ഗെയിലായിരുന്നു ഷമിയുടെ ആദ്യ ഇര. 19 പന്തില്‍ ആറ് റണ്‍മാത്രമായിരുന്നു ഗെയിലിന്‍റെ സമ്പാദ്യം. നേടിയ ബൗണ്ടറിയാകട്ടെ ഇന്‍സൈഡ് എഡ്ജില്‍ നിന്നുമായിരുന്നു. ഹോപിനെ(5) കൂടി ഷമി മടക്കിയതോടെ വിന്‍ഡീസിന്റെ പ്രതീക്ഷകള്‍ക്കു കൂടിയാണ് മങ്ങലേറ്റത്.

ഹോപ്
ഹോപ്

ചെറുത്തു നില്‍പ്പിന് ശ്രമിച്ച അംബരിസിനേയും(31) പൂരനേയും(28) പാണ്ഡ്യയും കുല്‍ദീപും മടക്കി. ഹോള്‍ഡറെ(6) ചാഹല്‍ ജാദവിന്റെ കൈകളിലെത്തുക്കുക കൂടി ചെയ്തതോടെ ബുംറയുടെ രണ്ടാം സ്‌പെല്ലിന് കളമൊരുങ്ങി. ആദ്യ സ്‌പെല്ലില്‍ നാല് ഓവറില്‍ വെറും ആറ് റണ്‍ മാത്രം വിട്ടു കൊടുത്തിരുന്ന ബുംറ രണ്ടാം വരവിലാണ് വിന്‍ഡീസ് നിരയില്‍ നാശം വിതച്ചത്.

ബുംറ എറിഞ്ഞ ഇരുപത്തിയേഴാം ഓവര്‍ ഡബിള്‍ വിക്കറ്റ് മെയ്ഡിനായതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലായി. ആദ്യ പന്തില്‍ ബ്രാത്ത്‌വെയ്റ്റിനെ മുഴുനീള ഡൈവിലൂടെ ധോണി കൈപിടിയിലൊതുക്കി. തൊട്ടടുത്ത പന്തില്‍ അല്ലനെ 144 കിലോമീറ്റര്‍ വേഗതയുള്ള മൂളും യോര്‍ക്കറിലൂടെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഹാട്രിക് ബോള്‍ അപ്രതീക്ഷിതമായി സ്ലോ ബോള്‍ ബുംറ എറിഞ്ഞെങ്കിലും റോച്ച് അതിജീവിച്ചു.

പിന്നീട് ചഹലും ഷമിയും ചേര്‍ന്ന് വിന്‍ഡീസ് വാലറ്റത്തെ പിഴുതു മാറ്റുകയായിരുന്നു. ഇന്ത്യക്കുവേണ്ടി ഷമി നാല് വിക്കറ്റും ചഹലും ബുംറയും രണ്ട് വിക്കറ്റ് വീതവും നേടി. ആറ് ഓവറില്‍ വെറും ഒമ്പത് റണ്‍ മാത്രം വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് നേടിയത്.

നേരത്തെ, ടോസ് നേടി ബാറ്റിംങ് ആരംഭിച്ച ഇന്ത്യക്ക് ആറാം ഓവറിലെ അവസാന പന്തിലാണ് രോഹിത് ശര്‍മ്മയെ നഷ്ടമായത്. ബാറ്റിനും പാഡിനുമിടയിലൂടെ റോച്ചിന്റെ പന്ത് കീപ്പര്‍ കൈപ്പിടിയിലൊതുക്കി. രോഹിത്തിനെതിരെ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും ഫീല്‍ഡ് അമ്പയര്‍ അനങ്ങിയില്ല. ഇതോടെ വിന്‍ഡീസ് ഡി.ആര്‍.എസ് വിളിക്കുകയായിരുന്നു.

മൂന്നാം അമ്പയര്‍ ആദ്യ പരിശോധനയില്‍ തന്നെ ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് രോഹിത് ശര്‍മ്മയുടെ ബാറ്റിലല്ല പാഡിലാണ് തട്ടിയതെന്ന സംശയം ഇപ്പോഴും തീര്‍ന്നിട്ടില്ല. അര്‍ധസെഞ്ചുറിയിലേക്ക് അടുത്ത കെ.എല്‍ രാഹുലിന്റെ(48) വിക്കറ്റ് ഹോള്‍ഡര്‍ തെറിപ്പിച്ചു. അപ്പോഴേക്കും രണ്ടാം വിക്കറ്റില്‍ രാഹുലും കോഹ്‌ലിയും ചേര്‍ന്ന് 69 റണ്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 21.3 ഓവറിലാണ് ഇന്ത്യ നൂറ് റണ്‍ പൂര്‍ത്തിയാക്കിയത്.

നാലാം നമ്പറിലിറങ്ങിയ വിജയ് ശങ്കര്‍ മൂന്ന് ബൗണ്ടറിയടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും റോച്ചിന്റെ പന്തില്‍ ഹോപിന്റെ കൈകളിലൊതുങ്ങി(14) പിന്നാലെയിറങ്ങിയ കേദാര്‍ ജാദവും(7) നിരാശപ്പെടുത്തി. ഇന്ത്യന്‍ നിരയില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ബാറ്റു വീശിയ കോഹ്‌ലി അപ്രതീക്ഷിതമായാണ് 39ആം ഓവറില്‍ പുറത്തായത്. ഹോള്‍ഡറുടെ പന്തില്‍ പതിവ് ബൗണ്‍സ് പ്രതീക്ഷിച്ച് ബാറ്റു വീശിയ കോഹ്‌ലി(72)യെ മിഡ് വിക്കറ്റില്‍ പകരക്കാരന്‍ ഫീല്‍ഡര്‍ ബ്രാവോ കൈപിടിയിലാക്കുകയായിരുന്നു. ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും കോഹ്‍ലി സ്വന്തമാക്കി.

ധോണി പതിവുപോലെ ആവശ്യത്തിലേറെ പന്തുകളെടുത്തെന്ന് തോന്നിപ്പിച്ചാണ് നിലയുറപ്പിച്ചത്. ആദ്യ നാല്‍പത് പന്തുകളില്‍ 20 റണ്ണാണ് ധോണി നേടിയത്. ഇതിനിടെ ധോണിയെ ഒരു പന്തില്‍ രണ്ട് തവണ സ്റ്റംമ്പ് ചെയ്യാനുള്ള അവസരം കീപര്‍ ഹോപ് കളഞ്ഞുകുളിക്കുകയും ചെയ്തു. സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റുവീശിയ പാണ്ഡ്യയാണ് അവസാന ഓവറുകളില്‍ ഇന്ത്യന്‍ സ്‌കോറിംഗിന്റെ വേഗം കൂട്ടിയത്.

49ആം ഓവറില്‍ കോര്‍ട്ട്‌നെല്ലിന്റെ പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന ഹാര്‍ദികിനെ(38 പന്തില്‍ 46) അലന്‍ ഡീപ് കവറില്‍ പിടികൂടുകയായിരുന്നു. പിന്നീട് അവസാന ഓവറില്‍ കുല്‍ദീപ് യാദവിനെ സാക്ഷി നിര്‍ത്തി ധോണി രണ്ട് സിക്‌സും ഒരു ഫോറും നേടി ഇന്ത്യന്‍ സ്‌കോര്‍ 268ലെത്തിക്കുകയായിരുന്നു. വിന്‍ഡീസ് ബൗളര്‍ റോച്ച് മൂന്ന് വിക്കറ്റും ഹോള്‍ഡറും കോര്‍ട്ട്നെല്ലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.