LiveTV

Live

Cricket

നാലിലെത്തില്ലെ.... അന്തം വിട്ട് ഇംഗ്ലണ്ട് 

അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചില്ലെങ്കില്‍ ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും.

നാലിലെത്തില്ലെ.... അന്തം വിട്ട് ഇംഗ്ലണ്ട് 

തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ലോകകപ്പിലെ ശക്തികളിലൊന്നായ ഇംഗ്ലണ്ടിന്റ സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. അടുത്ത രണ്ട് മത്സരങ്ങള്‍ ജയിച്ചില്ലെങ്കില്‍ ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴി തെളിയും.

ഏറെ പ്രതീക്ഷ വെച്ച ദക്ഷിണാഫ്രിക്കയുടെ പുറത്താകല്‍ ലോകകപ്പിന്റെ നിറം കെടുത്തിയിരുന്നു. ഇത്തവണ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ട ഇംഗ്ലണ്ടും ആ വഴിക്ക് നീങ്ങുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. പാകിസ്താനോട് 14 റണ്‍സിനും ശ്രീലങ്കയോട് 20 റണ്‍സിനും തോറ്റ ഇംഗ്ലണ്ടിന് ഓസിസിനെതിരായ മത്സരം നിര്‍ണായകമായിരുന്നു. പക്ഷെ, ഒന്നുപൊരുതുക പോലും ചെയ്യാതെ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര്‍ കൂടാരം കയറി.

നിലവില്‍ 7 കളിയില്‍ നിന്ന് എട്ട് പോയിന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്താണ്. തൊട്ടുപിന്നില്‍ 7 കളിയില്‍ നിന്ന് 7 പോയിന്റുമായി ബംഗ്ലാദേശും ആറ് കളിയില്‍ നിന്ന് ആറ് പോയിന്റുമായി ശ്രീലങ്കയുമുണ്ട്. ഈ ടീമുകള്‍ക്കും വരും മത്സരങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ എല്ലാ മത്സരങ്ങളും ഇംഗ്ലണ്ടിന് ജയിക്കണം. അല്ലെങ്കില്‍ പിറകിലുള്ളവര്‍ മുന്നോട്ടുകയറും. സ്വന്തം നാട്ടില്‍ സെമി കാണാതെ ഇംഗ്ലണ്ടിന് പുറത്തുപോകേണ്ടിയും വരും.

ഇന്ത്യ, ന്യൂസിലാന്‍ഡ് ടീമുകളെയാണ് ഇനി അവര്‍ക്ക് നേരിടേണ്ടത്. അതില്‍ ജയം നേടുക അത്ര എളുപ്പവുമല്ല. ഞായറാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് മത്സരം.