LiveTV

Live

Cricket

ഷമിയുടെ ഹാട്രിക്, ഇന്ത്യയുടെ അമ്പതാം ലോകകപ്പ് വിജയം

പിന്നീട് തുടര്‍ച്ചയായ രണ്ട് യോര്‍ക്കറുകളില്‍ അഫ്താബ് ആലത്തിന്റെയും മുജീബുര്‍ റഹ്മാന്റേയും വിക്കറ്റുകള്‍ തെറിപ്പിച്ച് ഷമി ഇന്ത്യന്‍ ജയം ആഘോഷമാക്കി

ഷമിയുടെ ഹാട്രിക്, ഇന്ത്യയുടെ അമ്പതാം ലോകകപ്പ് വിജയം

അവസാന ഓവര്‍ വരെ ഒപ്പത്തിനൊപ്പം അഫ്ഗാനെ ബൗളര്‍മാരുടെ മികവില്‍ മറികടന്നാണ് ഇന്ത്യ ലോകകപ്പിലെ അമ്പതാം വിജയം ആഘോഷിച്ചത്. അവസാന ഓവറിലെ ഹാട്രിക്കോടെ മുഹമ്മദ് ഷമി ഇംഗ്ലണ്ട് ലോകകപ്പിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ ഹാട്രിക്കാണിത്.

അനായാസ ജയം തേടിയിറങ്ങിയ ഇന്ത്യയെ വരിഞ്ഞു മുറുക്കുന്ന പ്രകടനമാണ് അഫ്ഗാന്‍ സ്പിന്നര്‍മാര്‍ നടത്തിയത്. 50 ഓവറില്‍ 8ന് 224 റണ്ണെടുക്കാനേ ഇന്ത്യയുടെ പ്രമാദമായ ബാറ്റിംങ് നിരയ്ക്ക് കഴിഞ്ഞുള്ളൂ. മറുപടിയില്‍ പെട്ടെന്ന് കീഴടങ്ങാന്‍ തയ്യാറാകാതെ അഫ്ഗാന്‍ ബാറ്റ്‌സ്മാന്മാര്‍ പൊരുതുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ നില പരുങ്ങലിലായി. എന്നാല്‍ അവസാന ഓവറുകളില്‍ ഇന്ത്യന്‍ പേസര്‍മാരായ ബുംറയും ഷമിയും ഗംഭീര പ്രകടനത്തിലൂടെ അഫ്ഗാന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു.

Also read: ഇന്ത്യയെ പാഠം പഠിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ഇന്ത്യക്ക് ഏറ്റവും വെല്ലുവിളിയായ നബിയെ(52) മൂന്നാം പന്തില്‍ ഷമി പുറത്താക്കിയപ്പോഴാണ് ആരാധകരുടെ ശ്വാസം നേരെ വീണത്. പിന്നീട് തുടര്‍ച്ചയായ രണ്ട് യോര്‍ക്കറുകളില്‍ അഫ്താബ് ആലത്തിന്റെയും മുജീബുര്‍ റഹ്മാന്റേയും വിക്കറ്റുകള്‍ തെറിപ്പിച്ച് ഷമി ഇന്ത്യന്‍ ജയം ആഘോഷമാക്കി മാറ്റുകയായിരുന്നു.

ചേതന്‍ ശര്‍മ്മയാണ് ഇതിന് മുമ്പ് ലോകകപ്പില്‍ ഹാട്രിക് നേടിയ ഇന്ത്യന്‍ താരം. 1987ല്‍ ന്യൂസിലന്റിനെതിരെയായിരുന്നു ചേതന്‍ ശര്‍മ്മയുടെ ഹാട്രിക് പ്രകടനം. ഇതുവരെ ക്രിക്കറ്റ് ലോകകപ്പില്‍ പത്തുപേര്‍ ഹാട്രിക്ക് നേടിയിട്ടുണ്ട്.