LiveTV

Live

Cricket

ഇന്ത്യയെ പാഠം പഠിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

അഫ്ഗാനെ വളരെ ലാഘവത്തോടെ കണ്ട ഇന്ത്യ അതിനുള്ള വിലയും നല്‍കേണ്ടി വന്നു.

ഇന്ത്യയെ പാഠം പഠിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

ലോകത്തെ മികച്ച ബാറ്റിങ് നിരയുണ്ടായിട്ടും പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഇന്ത്യ പാട് പെടുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റിങ് നിരയെ അവര്‍ പിടിച്ച് കെട്ടി. അഫ്ഗാന്‍ സ്പിന്‍ നിരയാണ് അതില്‍ മുഖ്യ പങ്ക് വഹിച്ചത്.

സ്പിന്‍ നിരയെ നേരിടുന്നതില്‍ പേരുകേട്ട ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. എന്നാല്‍ അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കലാസിലെ മുന്‍തൂക്കം ഇന്ത്യയെ സഹായിച്ചില്ല. മുജീബ് റഹ്മാനും മൊഹമ്മദ് നബിയും റാഷിദ് ഖാനും റഹ്മത്ത് ഷായും അടങ്ങുന്ന അഫ്ഗാന്‍ സ്പിന്‍ നിര കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുന്നതിനൊപ്പം മധ്യ ഓവറുകളിലെ റണ്ണൊഴുക്കിനും തടയിട്ടതാണ് ഇന്ത്യ ചുരുങ്ങിയ സ്‌കോറിലൊതുക്കാന്‍ അഫ്ഗാനെ സഹായിച്ചത്.

ഇന്ത്യയെ പാഠം പഠിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

അഞ്ചാം ഓവറില്‍ രോഹിത്ത് ശര്‍മയെ പുറത്താക്കിക്കൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ ആദ്യം ഞെട്ടിച്ചത്. മൂജീബ് റഹ്മാന്റെ കാരംബോളിന് മുന്നില്‍ ഇന്ത്യയുടെ ഹിറ്റ് മാന്‍ ക്ലീന്‍ ബൗള്‍ഡ്. 15ആം ഓവറില്‍ നബിയുടെ പന്തില്‍ റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച കെ.എല്‍ രാഹുല്‍ വിക്കറ്റ് കളഞ്ഞ് കുളിച്ചു.

രാഹുലിന്റെ സമ്പാദ്യം 53 പന്തില്‍ 30 റണ്‍സ്. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഉണ്ടായ വെല്ലുവിളി ഏറ്റെടുക്കാന്‍ മധ്യനിരയ്ക്കു കഴിഞ്ഞില്ല. നാലാം നമ്പറിലിറങ്ങിയ വിജയ് ശങ്കര്‍ 29 റണ്‍സ് മാത്രം എടുത്ത് റഹ്മത്ത് ഷായുടെ പന്തില്‍ പുറത്ത്. സ്റ്റംപിങിലെ താരം ധോണിയെ റാഷിദ് ഖാന്റെ പന്തില്‍ ഇക്ക്രാം അലി സ്റ്റംപിങ്ങിലൂടെ തന്നെ പുറത്താക്കി.

52 പന്ത് നേരിട്ട ധോണി തുഴഞ്ഞ് നേടിയത് 28 റണ്‍സ്. സെഞ്ചുറി തികച്ച് 20,000 റണ്‍സ് ക്ലബില്‍ അംഗത്വം നേടുമെന്ന് പ്രതീക്ഷിച്ച കൊഹ്ലി 67ല്‍ നില്‍ക്കെ മൊഹമ്മദ് നബിയുടെ പന്തില്‍ റഹ്മത്തിന്റെ കൈകളില്‍ ഒതുങ്ങി. ഹര്‍ദ്ദിക്ക് പാണ്ഡ്യയും ഷമിയും രണ്ടക്കം കണ്ടില്ല.

അഫ്ഗാനെ വളരെ ലാഘവത്തോടെ കണ്ട ഇന്ത്യ അതിനുള്ള വിലയും നല്‍കേണ്ടി വന്നു. കൃത്യമായി പരിശീലനത്തിന് പോലും ഇറങ്ങാതെ കൂറ്റന്‍ സ്‌കോര്‍ സ്വപ്നം കണ്ട ഇന്ത്യയ്ക്ക് അഫ്ഗാന്‍ നല്‍കിയത് ഒരു പാഠമാണ്.