LiveTV

Live

Cricket

ഷമി ഹാട്രിക് നേടിയാലും ഹീറോ ബുംറ തന്നെ

ബുംറ നേടിയ രണ്ട് വിക്കറ്റുകളും മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു.

ഷമി ഹാട്രിക് നേടിയാലും ഹീറോ ബുംറ തന്നെ

ശനിയാഴ്ച്ച അഫ്ഗാനിസ്ഥാനെതിരായ മത്സരം തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് വരെ ജസ്പീത് ബുംറ ബൗളിംങ് പരിശീലനത്തിലായിരുന്നു. പിച്ചില്‍ റബര്‍ സ്റ്റംമ്പിന് നേരെ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞായിരുന്നു ബുംറയുടെ പരിശീലനം. ബുംറയുടെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ യോര്‍ക്കര്‍ തന്നെയാണ് പിന്നീട് മത്സരത്തിലും ഇന്ത്യയുടെ രക്ഷക്കെത്തിയത്.

അഫ്ഗാനിസ്ഥാനെതിരെ കൈവിട്ടുവെന്ന് കരുതിയ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത് ഇന്ത്യന്‍ പേസര്‍മാരുടെ പ്രകടനമായിരുന്നു. 47ആം ഓവര്‍ ബുംറ എറിയാനെത്തുമ്പോള്‍ 24 പന്തില്‍ 32 റണ്ണായിരുന്നു അഫ്ഗാനിസ്ഥാന് വേണ്ടിയിരുന്നത്. ആ ഓവറിലെ മൂന്നാം പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയപ്പോള്‍ അഫ്ഗാന്റെ അട്ടിമറി പ്രതീക്ഷകളും കൂടിയാണ് വാനോളം ഉയര്‍ന്നത്. എന്നാല്‍ സിക്‌സര്‍ വഴങ്ങിയിട്ടും എട്ട് റണ്‍ മാത്രം വിട്ടുകൊടുത്ത് ഓവര്‍ തീര്‍ത്ത് മത്സരം കൈവിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ബുംറക്ക് കഴിഞ്ഞു.

തൊട്ടടുത്ത ഓവറില്‍ വെറും മൂന്ന് റണ്‍ മാത്രം വിട്ടുകൊടുത്ത് ഷമി വീണ്ടും ഇന്ത്യന്‍ വരുതിയിലെത്തിച്ചു. നിര്‍ണ്ണായകമായ 49ആം ഓവര്‍ ബുംറ എറിയാനെത്തുമ്പോള്‍ അഫ്ഗാന് വേണ്ടത് 12 പന്തില്‍ 21 റണ്‍. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞാണ് ബുംറ നബിയേയും അഫ്ഗാനിസ്ഥാനേയും വെള്ളം കുടിപ്പിച്ചത്. യോര്‍ക്കറുകളില്‍ ഇത്രയേറെ വൈവിധ്യമുള്ള മറ്റൊരു ബൌളര്‍ സമകാലിക ക്രിക്കറ്റിലില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമായിരുന്നും ബുംറയുടേത്. ആ ഓവറില്‍ വിട്ടു കൊടുത്തത് വെറും അഞ്ച് റണ്‍.

Also read: ലോകക്കപ്പില്‍ ഇന്ത്യയുടെ കുന്തമുനയാകാന്‍ ബുംറ; പ്രശംസിച്ച് ജെഫ് തോംസണും

Also read: ഇത് പൊരുതി നേടിയ വിജയം

അവസാന ഓവറുകളില്‍ ഏത് ബൗളറെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് സീനിയര്‍ താരങ്ങളുമായി നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് തീരുമാനമെടുത്തതെന്ന് മത്സരശേഷം ക്യാപ്റ്റന്‍ കോഹ്‌ലി പറഞ്ഞു. 49ആം ഓവര്‍ ബുംറക്ക് നല്‍കുക വഴി അവസാന ഓവര്‍ എറിയേണ്ട ഷമിയുടെ സമ്മര്‍ദം കുറക്കുകയായിരുന്നു തന്ത്രം. ബുംറ ക്യാപ്റ്റന്റെ തന്ത്രത്തിനൊപ്പിച്ച് പന്തെറിഞ്ഞതോടെ ആറ് പന്തില്‍ 16 റണ്‍ എന്നതായി അഫ്ഗാന്‍ വിജയലക്ഷ്യം. അവസാന ഓവറില്‍ ഹാട്രിക് നേടി ഷമി ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു.

ബുംറ നേടിയ രണ്ട് വിക്കറ്റുകളും മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു. നിലയുറപ്പിച്ചെന്ന് തോന്നിപ്പിച്ച റഹ്മത്ത് ഷായേയും(36) ഷാഹിദിയേയും(21) ഒരു ഓവറില്‍ തന്നെ പുറത്താക്കിയാണ് ബുംറ ആദ്യം അഫ്ഗാന്‍ പ്രതീക്ഷകളില്‍ വെള്ളം ഒഴിച്ചത്. മത്സരത്തിലെ നിര്‍ണ്ണായക പ്രകടനം കണക്കിലെടുത്ത് മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും ബുംറ തന്നെ.