LiveTV

Live

Cricket

ഇത് പൊരുതി നേടിയ വിജയം

125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരെ ഇന്ത്യക്ക് നഷ്ടമായി

ഇത് പൊരുതി നേടിയ വിജയം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് 11 റണ്‍സ് ജയം. ബാറ്റിങ്ങില്‍ അടി പതറിയെങ്കിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ബുംറയും ഷമിയും ചഹാലുമെല്ലാം അഞ്ഞ് പിടിച്ചപ്പോള്‍ വിജയം ഇന്ത്യയുടേതായി. അവസാന നിമിഷം വരെ അഫ്ഗാന്‍ പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. 49.5 ഓവറില്‍ 213 റണ്‍സിന് അഫ്ഗാന്‍ പുറത്താവുകയായിരുന്നു. മുഹമ്മദ് ഷമി ഹാട്രിക്ക് സ്വന്തമാക്കി. അവസാന ഓവറിലായിരുന്നു ഷമിയുടെ നേട്ടം. അതുള്‍പ്പെടെ 40 റണ്‍സ് വഴങ്ങി ഷമി നാല് വിക്കറ്റുകള്‍ നേടി. കളിയുടെ നിര്‍ണ്ണായക ഖട്ടത്തില്‍ പ്രധാനപ്പെട്ട രണ്ട് വിക്കറ്റെടുക്കുകയും മികച്ച രീതിയില്‍ ഡെത്ത് ഓവറുകള്‍ കൈകാര്യം ചെയ്യുകയും ചെയ്ത ജസ്പ്രിത് ബുംറയാണ് കളിയിലെ താരം. അഫ്ഗാനിസ്ഥാന് വേണ്ടി അവസാന ഓവര്‍ വരെ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് മൊഹമ്മദ് നബി(52) പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഫലം കണ്ടില്ല. ഇന്ത്യക്കായി ഷമി നാലും ബുംറ, ചഹാല്‍, പാണ്ഡ്യ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. റഹ്മത്ത് ഷാ, ഗുല്‍ബദിന്‍ നൈബ്, നജീബുള്ള എന്നിവര്‍ പൊരുതി നോക്കിയെങ്കിലും കൃത്യ സമയത്ത് അവരെയെല്ലാം ഇന്ത്യന്‍ ബൌളര്‍മാര്‍ മടക്കിയയച്ചു.

നേരത്തെ അര്‍ദ്ദ സെഞ്ച്വറി നേടിയ കേദാര്‍ ജാദവിന്‍റെയും വിരാട് കോഹ്‍ലിയുടെയും(67) പ്രകടനം ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും കരകയറ്റിയിരുന്നു. നിശ്ചിത 50 ഓവറില്‍ ഇന്ത്യയുടെ സ്കോര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സ്.

അര്‍ദ്ദ സെഞ്ച്വറി നേടിയെങ്കിലും അഫ്ഗാന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ പതറിക്കൊണ്ടാണ് കേദാര്‍ ജാദവ്(52) പോലും ബാറ്റ് വീശിയത്. സ്ഥിരം ശൈലിയില്‍ മനോഹര ഷോട്ടുകളിലൂടെ ഇന്ത്യന്‍ ബാറ്റിങ്ങിന് വിരാട് കോഹ്‍ലി കളിച്ചെങ്കിലും നബിക്ക് മുന്നില്‍ മുട്ടുകുത്തി. ലോകേഷ് രാഹുല്‍(30), വിജയ് ശങ്കര്‍(29), എം.എസ് ധോണി(28) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും അടി പതറി.

സ്പിന്നര്‍മാരായിരുന്നു അഫ്ഗാന് ഗുണമായത്. ആദ്യ ഓവറുകള്‍ തന്നെ സ്പിന്നര്‍മാര്‍ക്ക് പന്ത് നല്‍കിയ നായകന്‍ ഗുലാബ്ദിന്‍ നൈബിന്‍റെ തീരുമാനം ശരി വച്ച് മൂന്നാം ഓവറില്‍ മുജീബ് രോഹിതിനെ പറഞ്ഞയച്ചു. പന്തെറിഞ്ഞ എല്ലാ അഫ്ഗാന്‍ ബൌളര്‍മാരും വിക്കറ്റെടുത്തു. നായകന്‍ നൈബും നബിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി മുന്നിട്ട് നിന്നു