LiveTV

Live

Cricket

ന്യൂസിലാന്‍ഡിനോടും തോറ്റു: ദക്ഷിണാഫ്രിക്ക പുറത്തേക്ക് 

ദക്ഷിണാഫ്രിക്കക്കുവേണ്ടി അംലയും(55) വാന്‍ഡെര്‍ ഡസനും(67*) അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഫെര്‍ഗൂസന്‍ കിവീസിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

ന്യൂസിലാന്‍ഡിനോടും തോറ്റു: ദക്ഷിണാഫ്രിക്ക പുറത്തേക്ക് 

ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക സെമി ഫൈനല്‍ കാണാതെ പുറത്തേക്ക്. നിര്‍ണായക മത്സരത്തില്‍ നാല് വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് തോറ്റത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാന്‍ഡ് 3 പന്ത് ബാക്കി നില്‍ക്കെ മറികടന്നു. സെഞ്ചുറി നേടിയ കെയിന്‍ വില്യംസണാണ് കളിയിലെ താരം.

242 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാന്‍ഡ്, പ്രോട്ടീസ് ബൗളിങ്‌ നിരയ്ക്ക് മുന്നില്‍ പതറുന്നതാണ് ആദ്യം കണ്ടത്. മൂന്ന് മുന്‍നിര താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. പിടിച്ചു നിന്ന മാര്‍ട്ടിന്‍ ഗപ്റ്റില്‍ സ്വന്തം വിക്കറ്റ് തച്ചുടച്ചു. പിന്നീട് ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിന് കൂട്ടായി കൊളിന്‍ ഡി ഗ്രാന്‍ഹോം എത്തിയതോടെ കളി മാറി. പരാജയത്തിലേക്കെന്ന് തോന്നിച്ച നിമിഷങ്ങളില്‍ നിന്ന് കിവികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്.

ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത് 91 റണ്‍സിന്റെ കൂട്ട്കെട്ട്.ഗ്രാന്‍ഡ് ഹോം 60 റണ്‍സെടുത്ത് പുറത്തായെങ്കിലും സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വില്യംസണ്‍ ടീമിനെ ജയത്തിലെത്തിച്ചു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 49 ഓവറില്‍ ആറിന് 241റണ്‍സാണ് നേടിയത്. ദക്ഷിണാഫ്രിക്കക്കുവേണ്ടി അംലയും(55) വാന്‍ഡെര്‍ ഡസനും(67*) അര്‍ധ സെഞ്ചുറികള്‍ നേടിയപ്പോള്‍ ഫെര്‍ഗൂസന്‍ കിവീസിനായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

അച്ചടക്കത്തോടെ പന്തെറിഞ്ഞ ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ആദ്യ നൂറ് റണ്‍ ദക്ഷിണാഫ്രിക്ക 25.2 ഓവറിലാണ് പൂര്‍ത്തിയാക്കിയത്. ക്ഷമയോടെ ബാറ്റ് ചെയ്ത അംലയും(83 പന്തില്‍ 55) മാര്‍ക്രമും(55 പന്തില്‍ 38) ഡുപ്ലസിയും(35 പന്തില്‍ 23) അടക്കമുള്ള ബാറ്റ്‌സ്മാന്മാര്‍ വലിയ സ്‌കോറിലേക്കുള്ള വഴിയേ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.

പിന്നീട് ഡേവിഡ് മില്ലറും(37 പന്തില്‍ 36) വാന്‍ഡെര്‍ ഡുസെനും(64 പന്തില്‍ 67) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ സ്‌കോറിന് മാന്യത നല്‍കിയത്. കിവീസ് ബൗളര്‍മാരില്‍ വേഗക്കാരന്‍ ട്രന്റ്ബൗള്‍ട്ട് മാത്രമാണ് ആറ് റണ്‍സിലേറെ ശരാശരി(10-0-63-1) വഴങ്ങിയത്. ഫെര്‍ഗുസന്‍ മൂന്നും ബൗള്‍ട്ടും ഗ്രാന്റ്‌ഹോമും സാറ്റ്‌നറും ഓരോ വിക്കറ്റു വീതവും വീഴ്ത്തി. വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും ഹെന്റി വെറും 34 റണ്‍ മാത്രമാണ് വിട്ടുകൊടുത്തത്.