വെസ്റ്റ് ഇന്‍ഡീസിനെ തരിപ്പണമാക്കി ബംഗ്ലാദേശ്
രണ്ട് വിക്കറ്റ് വീഴ്ത്തിയ ശാകിബ്, വെസ്റ്റ് ഇൻഡീസ് ബൗളർമാരെ വെള്ളം കുടിപ്പിച്ച് സെഞ്ച്വറിയടിയടിക്കുകയും ചെയ്തു.

ശാകിബ് അൽഹസന്റെ തകർപ്പൻ ഓള്‍റൌണ്ട് മികവില്‍, വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴ് വിക്കറ്റിന്റെ അട്ടിമറി ജയം കുറിച്ച് ബംഗ്ലാദേശ്. വിന്‍ഡീസ് ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം എഴ് വിക്കറ്റും 51 പന്തും ബാക്കി നിൽക്കെയാണ് ബംഗ്ലാ കടുവകൾ മറികടന്നത്.
നേരത്തെ രണ്ട് വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്തിയ ശാകിബ്, വെസ്റ്റ് ഇൻഡീസ് ബൗളർമാരെ വെള്ളം കുടിപ്പിച്ച് സെഞ്ച്വറിയടിക്കുകയും ചെയ്തു. ശാകിബ് അൽ ഹസനും (124 നോട്ടൗട്ട്) ലിതൻ ദാസും (94 നോട്ടൗട്ട്) ചേർന്നാണ് വെസ്റ്റ് ഇൻഡീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യം മറികടന്നത്. തമീം ഇഖബാൽ 48 റൺസും, സൗമ്യ സർക്കാർ 29 റൺസുമെടുത്ത് പുറത്തായി. വെസ്റ്റ് ഇൻഡീസിനായി ആന്ദ്രെ റസലും ഒഷാൻ തോമസും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ 8 വിക്കറ്റിന് 321 റണ്‍സെടുത്തു. നാല് റണ്‍സകലെ സെഞ്ച്വറി നഷ്ടമായ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷായ് ഹോപും (96) ഓപ്പണര്‍ എവിന്‍ ലെവിസും (70) ചേര്‍ന്നാണ് മികച്ച സ്കോര്‍ കെട്ടിപ്പടുത്തത്.
മെല്ലെ ചലിച്ച് കൊണ്ടിരുന്ന വിന്‍ഡീസ് സ്കോര്‍ബോര്‍ഡില്‍, ഹെറ്റ്മെയറും (26 പന്തില്‍ നിന്നും 50) ജെയ്സന് ഹോള്‍ഡറും (15 പന്തില്‍ നിന്നും 33) ചേര്‍ന്നാണ് 300 കടത്തിയത്. ശാകിബിന് പുറമെ, മുഹമ്മദ് സെയ്ഫുദ്ദീനും മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് വീതവുമെടുത്തു.