LiveTV

Live

Cricket

കന്നി ജയം കുറിച്ചു; അഫ്ഗാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

നാല് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറാണ് കളിയിലെ താരം

കന്നി ജയം കുറിച്ചു; അഫ്ഗാനെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്ക് ആദ്യ ജയം. അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി. നാല് വിക്കറ്റ് നേടിയ ഇമ്രാന്‍ താഹിറാണ് കളിയിലെ താരം. ഈ ലോകകപ്പില്‍ ഇതുവരെ ജയം കണ്ടിട്ടില്ലാത്ത അഫ്ഗാനിസ്ഥാന് ഒരു തോല്‍വി കൂടി സമ്മാനിച്ച് ദക്ഷിണാഫ്രിക്ക തങ്ങളുടെ ചീത്തപ്പേര് മാറ്റി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഹസ്റത്തുല്ല സസായിയും നൂര്‍ അലി സദ്രാനും പ്രോട്ടീസ് ബൌളിങ് നിരയെ പ്രതിരോധിക്കാന്‍ ശ്രമം നടത്തിയെങ്കിലും ചെറുത്ത് നില്‍പ്പ് ഏറെ നേരം നീണ്ടു നിന്നില്ല. സസായി ഇരുപത്തിരണ്ടും സദ്രാന്‍ മുപ്പത്തിരണ്ടും റണ്‍സെടുത്ത് പുറത്തായി.

ഇടക്ക് മഴ ദക്ഷിണാഫ്രിക്കയെ ഒന്നു പേടിപ്പിച്ചെങ്കിലും കളി മുടക്കിയില്ല. മത്സരം 48 ഓവറാക്കി ചുരുക്കി കളി തുടര്‍ന്നു. അഫ്ഗാന്‍ നിരയില്‍ പിന്നീടെത്തിയവരില്‍ റാഷിദ് ഖാന്‍ ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. മൂന്ന് പേര്‍ പൂജ്യരായി മടങ്ങി. ഇമ്രാന്‍ താഹിര്‍ നാലും ക്രിസ് മോറിസ് മൂന്നും വിക്കറ്റ് വീഴ്ത്തി. പരിക്ക് മാറിയെത്തിയ റാഷിദ് ഖാന്‍ 35 റണ്‍സെടുത്തു.

അഫ്ഗാന്‍ 125 റണ്‍സിന് പുറത്തായപ്പോള്‍ മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ വിജയ ലക്ഷ്യം 127 റണ്‍സായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് കളിച്ചത്. ക്വിന്റണ്‍ ഡി കോക്ക് 68 റണ്‍സെടുത്ത് മടങ്ങിയെങ്കിലും ഫെലുക്വായുമൊത്ത് ഹാഷിം ആംല കളി ജയിപ്പിച്ചു. 83 പന്തില്‍ നിന്ന് 41 റണ്‍സാണ് ആംലയുടെ സമ്പാദ്യം ജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി.