LiveTV

Live

Cricket

ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് പോരാട്ടം

ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. വിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റിങ് നിരക്ക് ആരെയും മറിച്ചിടാനുള്ള കെല്‍പ്പുണ്ട്.

ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസ് പോരാട്ടം

ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് വെസ്റ്റിന്‍ഡീസിനെ നേരിടും. മൂന്നാം ജയമാണ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ പാകിസ്താനെതിരെ നേടിയ വിജയം മാത്രമാണ് വിന്‍ഡീസിനുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. സതാംപ്ടണില്‍ നടക്കുന്ന ഇന്നത്തെ മത്സരവും മഴ ഭീഷണിയിലാണ്.

ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റെ കരുത്ത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും അവര്‍ മുന്നൂറ് റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തു. ജേസണ്‍ റോയ്, ജോ റോട്ട്, ബെന്‍സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍, ഇയാന്‍ മോര്‍ഗന്‍ ആദ്യ മത്സരങ്ങളില്‍ തന്നെ ഇവരെല്ലാം ഫോം കണ്ടെത്തി കഴിഞ്ഞു.

പരിക്കായിരുന്നു ടീമിനെ അലട്ടിയിരുന്ന പ്രശ്‌നം. ബംഗ്ലാദേശിനെതിരെ പരിക്കേറ്റ ബട്‌ലര്‍ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കണങ്കാലിന് പരിക്കേറ്റ പേസര്‍ മാര്‍ക്ക് വുഡിന്റെ കാര്യം സംശയത്തിലാണ്. എന്നാല്‍ കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയിരുന്ന മുഈനലി ടീമിനൊപ്പം ചേര്‍ന്നത് ഇംഗ്ലണ്ടിന് കരുത്താകും.

മറുവശത്ത് കഴിഞ്ഞ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടതിന്റെ നിരാശയിലാണ് വെസ്റ്റിന്‍ഡീസുകാര്‍. അതേ സതാംപ്ടണിലാണ് ഇന്നും മത്സരം നടക്കുന്നത്, കാലാവസ്ഥയില്‍ കാര്യമായ മാറ്റവുമില്ല. മഴ മൂലം ഇരുടീമുകള്‍ക്കും ഹോട്ടല്‍ മുറിയില്‍ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ഗെയിലും ബ്രാവോയും ഹെറ്റ്‌മെയറും റസലുമൊക്കെ അടങ്ങുന്ന വെടിക്കെട്ട് ബാറ്റിങ് നിരക്ക് ആരെയും മറിച്ചിടാനുള്ള കെല്‍പ്പുണ്ട്. ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ച വിന്‍ഡീസ്, രണ്ടാം മത്സരത്തില്‍ ഓസീസിനോട് തോറ്റിരുന്നു.