LiveTV

Live

Cricket

കളിയല്ല, ധവാന്‍ ‘കവിതയെഴുതുകയാണ്’

ഇന്ന് നടക്കുന്ന ന്യൂസിലന്റിനെതിരായ മത്സരത്തിന് പുറമേ പാകിസ്താനും(ഞായറാഴ്ച്ച), അഫ്ഗാനിസ്ഥാനുമായുള്ള(ജൂണ്‍ 22) മത്സരങ്ങളും ധവാന് നഷ്ടമാകും...

കളിയല്ല, ധവാന്‍ ‘കവിതയെഴുതുകയാണ്’

കാത്തുകാത്തിരുന്ന് അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ് എന്നതുപോലെയാണ് ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്റെ അവസ്ഥ. ലോകകപ്പിലെ രണ്ടാംമത്സരത്തില്‍ ആസ്‌ട്രേലിയക്കക്കെതിരെ സെഞ്ചുറി(117)യടിച്ച് ധവാന്‍ ഫോമിനെക്കുറിച്ചുള്ള എല്ലാ ആവലാതികളും അവസാനിപ്പിച്ചത്. എന്നാല്‍, ഇതേ മത്സരത്തില്‍ കുമ്മിന്‍സിന്റെ ബൗണ്‍സറില്‍ ഇടംകൈ വിരലിന് പരിക്കേറ്റതോടെ ധവാനും ഇന്ത്യക്കും അപ്രതീക്ഷിത തിരിച്ചടിയായി.

Also read: ധവാന്‍ എന്ന വന്‍മരം വീണു; പകരം ഇനിയാര് ?

Also read: ഇന്ത്യക്ക് തിരിച്ചടി: പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത് 

ധവാന് കുറഞ്ഞത് മൂന്ന് മത്സരങ്ങളില്‍ ഇന്ത്യക്കുവേണ്ടി കളിക്കാനാകില്ലെന്നതാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ധവാന്റെ പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്തിനോട് ടീമില്‍ ജോയിന്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കെ.എല്‍ രാഹുല്‍ ധവാന് പകരം ഓപണറായി എത്തുമെന്നാണ് സഹപരിശീലകന്‍ സഞ്ജയ് ബംഗാര്‍ വ്യക്തമാക്കിയത്. കുറച്ചുകാലമായി ഇന്ത്യന്‍ ടീമിന്റെ സ്ഥിരം തലവേദനയായ നാലാം നമ്പര്‍ പ്രശ്‌നം ധവാന്റെ പരിക്കോടെ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.

ലോകകപ്പ് തുടങ്ങും മുമ്പ് ഇന്ത്യയുടെ പ്രധാന തലവേദനകളിലൊന്ന് ഓപണിംങ് ജോഡി ക്ലിക്കാകുമോ എന്നതായിരുന്നു. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയും(122) രണ്ടാം മത്സരത്തില്‍ ധവാനും സെഞ്ചുറി നേടി ഇന്ത്യയുടെ ബാറ്റിംങിന്റെ കരുത്ത് തെളിയിച്ചു. കൃത്യതയാര്‍ന്ന ബൗളിംങും അവസരത്തിനുയര്‍ന്ന ബാറ്റിംങും വഴി സമതുലിതമാണ് ഇന്ത്യന്‍ സംഘമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് ധവാന് പരിക്കേല്‍ക്കുന്നത്.

ഇന്ന് നടക്കുന്ന ന്യൂസിലന്റിനെതിരായ മത്സരത്തിന് പുറമേ പാകിസ്താനും(ഞായറാഴ്ച്ച), അഫ്ഗാനിസ്ഥാനുമായുള്ള(ജൂണ്‍ 22) മത്സരങ്ങളും ധവാന് നഷ്ടമാകും. മൂന്ന് ലോകകപ്പ് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വരുമെന്ന തിരിച്ചറിവിന് പിന്നാലെയാണ് ധവാന്‍ കവിത ട്വീറ്റ് ചെയ്തിരിക്കുന്നത്. അപ്പോഴും തന്‍റെ ലോകകപ്പ് കഴിഞ്ഞിട്ടില്ലെന്നും ധവാന്‍ ഈ വരികളിലൂടെ സൂചിപ്പിക്കുന്നുണ്ട്. ഉറുദു കവി റഹത് ഇന്‍ഡോരിയുടെ കവിതയാണ് ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്.

ചിലപ്പോള്‍ നമ്മള്‍ പൂവിന്‍ സുഗന്ധം പോലെയാണ്, മറ്റു ചിലപ്പോള്‍ കുന്നുകള്‍ക്ക് മുകളിലുയരുന്ന മഞ്ഞു പുകപോലെയും... പറന്നുയരുന്നത് നിങ്ങള്‍ക്ക് കത്രികവെച്ച് വെട്ടാനാകില്ല, പ്രത്യേകിച്ചും ചിറകിനാലല്ല ഉള്‍ക്കരുത്തുകൊണ്ടാണ് പറക്കുന്നതെങ്കില്‍... എന്നിങ്ങനെ പോകുന്നു ധവാന്റെ കവിതാ കുറിപ്പ്.