LiveTV

Live

Cricket

‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’

ദേശീയടീമിലെത്തിയ ശേഷവും ‘പെരുമാറ്റ ദൂഷ്യ’ത്തിന്റെ പേരില്‍ ഹാര്‍ദിക്കിന് ടീമിന്റെ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും പകരക്കാരനില്ലാത്ത പ്രതിഭയുടെ ധാരാളിത്തം ആ വാതിലുകളെ താനേ തുറപ്പിച്ചു...

‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’

എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഏകദിന ലോകകപ്പ് നേടിയപ്പോള്‍ വഡോദരയില്‍ തെരുവിലിറങ്ങിയവരുടെ കൂട്ടത്തില്‍ ഒരു പതിനേഴുകാരനുണ്ടായിരുന്നു. അയാളിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമാണ്. ഈ ലോകകപ്പ് എനിക്കും ഇന്ത്യക്കും വേണമെന്ന് പറയുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്ക് അന്നത്തെ പതിനേഴുകാരന്റെ അതേ ആവശമാണ്.

ഐ.സി.സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ 'നോട്ടി ബോയ്' ലോകകപ്പ് സ്വപ്‌നങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 'രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് എന്നെ സംബന്ധിച്ച് എല്ലാം. ഓരോ കളികളും വെല്ലുവിളികളും എനിക്ക് ആവേശമാണ്. കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലമായി ലോകകപ്പ് കളിക്കാന്‍ വേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു' ഹാര്‍ദിക് പാണ്ഡ്യ പറയുന്നു.

‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’

ഗുജറാത്തിലെ സൂറത്തിലായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ജനിച്ചത്. ഹാര്‍ദിക്കിന് അഞ്ച് വയസുള്ളപ്പോള്‍ കുടുംബം വഡോദരയിലേക്ക് താമസം മാറി. ഹാര്‍ദികിനേയും ക്രുണാലിനേയും കിരണ്‍ മോറെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കാനായി പിതാവ് ഹിമാന്‍ഷു പാണ്ഡ്യയുടേതായിരുന്നു ആ തീരുമാനം. പില്‍കാലത്ത് ഇന്ത്യന്‍ ടീമിലെത്തിക്കൊണ്ട് പാണ്ഡ്യ സഹോദരങ്ങള്‍ പിതാവിന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കി.

പതിനെട്ടാം വയസുവരെ ലെഗ് സ്പിന്നറായിരുന്ന ഹാര്‍ദിക് പാണ്ഡ്യ ബറോഡ പരിശീലകന്റെ ഉപദേശത്തിലാണ് പേസ് ബൗളറായി മാറുന്നത്. അതൊരു വഴിത്തിരിവായി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒറ്റക്ക് കളി ജയിപ്പിക്കാനുള്ള കഴിവാണ് ഹാര്‍ദിക്കിനെ ക്ലബ് തലം മുതല്‍ തന്നെ ടീമുകളുടെ പ്രിയങ്കരനാക്കിയത്. അപ്പോഴും നിയന്ത്രിക്കാനാവാത്ത ദേഷ്യമൊന്നുകൊണ്ട് മാത്രം ഹാര്‍ദിക് പലപ്പോഴും ടീമുകള്‍ക്ക് പുറത്തായി. ദേശീയടീമിലെത്തിയ ശേഷവും 'പെരുമാറ്റ ദൂഷ്യ'ത്തിന്റെ പേരില്‍ ഹാര്‍ദിക്കിന് ടീമിന്റെ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അപ്പോഴും പകരക്കാരനില്ലാത്ത പ്രതിഭയുടെ ധാരാളിത്തം ആ വാതിലുകളെ താനേ തുറപ്പിക്കുകയായിരുന്നു.

2017ല്‍ പാകിസ്താനെതിരായ മത്സരത്തില്‍ 43 പന്തില്‍ 76(4*4, 6*6)റണ്‍സെടുത്തു നില്‍ക്കേ രവീന്ദ്ര ജഡേജ റണ്ണൗട്ടാക്കിയപ്പോള്‍ ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച സംഭവവും ഐ.സി.സി വീഡിയോക്കിടെ ഹാര്‍ദിക് പാണ്ഡ്യ ഓര്‍ക്കുന്നുണ്ട്. അന്നത്തെ ദേഷ്യപ്രകടനം വ്യക്തിപരമല്ലെന്ന് ഹാര്‍ദിക് അടിവരയിട്ട് പറയുന്നുണ്ട്. ഏത് സാഹചര്യത്തിലും സമ്മര്‍ദത്തിനടിപ്പെടാതെ ആവേശത്തോടെ കളിക്കുന്ന ഹാര്‍ദിക്കിനെ ഇന്ത്യന്‍ ടീമിലെ റോക് സ്റ്റാറെന്നാണ് രവീന്ദ്ര ജഡേജ വിശേഷിപ്പിക്കുന്നത്.

‘ജൂലൈ 14ന് എന്റെ കയ്യില്‍ ലോകകപ്പ് വേണം’

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ തലമുറയിലെ ആവേശവും വിജയതൃഷ്ണയും ആവോളമുണ്ട് ഹാര്‍ദിക് പാണ്ഡ്യയില്‍. അതുതന്നെയാണ് ജൂലൈ 14ന് ലോകകപ്പ് എന്റെ കയ്യിലിരിക്കുമെന്ന് പറയിക്കുന്നതും. 130 കോടി മനുഷ്യരുടെ പ്രതീക്ഷയും അതു തന്നെയാണെങ്കിലും അതിലൊരു സമ്മര്‍ദവുമില്ലെന്ന് ചിരിച്ചുകൊണ്ടാണ് ഹാര്‍ദിക് പറയുന്നത്. കടന്നുവന്ന കഠിനപാതകള്‍ നല്‍കുന്ന ആത്മവിശ്വാസമാണ് ഹാര്‍ദിക്കിന്റെ വാക്കുകള്‍ക്ക് അസാധാരണ കരുത്തേകുന്നത്.