LiveTV

Live

Cricket

ഉയിര്‍ത്തെഴുന്നേറ്റ് കങ്കാരുപ്പട

ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കില്‍ എത്തി നിന്ന ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്തും നാഥന്‍ കൌള്‍ട്ടര്‍നൈലും ചേര്‍ന്ന് മികച്ച സ്കോറിലേക്കെത്തിക്കുകയായിരുന്നു

ഉയിര്‍ത്തെഴുന്നേറ്റ് കങ്കാരുപ്പട

ലോകകപ്പില്‍ വെസ്റ്റ് ഇന്‍റീസിനെതിരെ ആസ്ട്രേലിയയുടെ അത്യുജ്ജല തിരിച്ചുവരവ്. ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കില്‍ എത്തി നിന്ന ആസ്ട്രേലിയയെ സ്റ്റീവ് സ്മിത്തും നാഥന്‍ കൌള്‍ട്ടര്‍നൈലും ചേര്‍ന്ന് മികച്ച സ്കോറിലേക്കെത്തിക്കുകയായിരുന്നു. കങ്കാരുക്കളുടെ തുടക്കവും ഒടുക്കവും ദാരുണമായിരുന്നു. വാര്‍ണ്ണറും(3) ഫിഞ്ചും(6) ഖ്വാജയുമെല്ലാം(13) ക്രീസില്‍ താളം കണ്ടെത്തും മുമ്പേ പുറത്തായി. തുടര്‍ന്ന് വന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്താണ്(73) ടീമിനെ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. ക്ഷമയോടെ, ശ്രദ്ധിച്ച് ബാറ്റ് വീശിയ സ്റ്റീവ് കളിയെ മുന്നില്‍ നിന്ന് നയിച്ചു. പിന്നീടെത്തിയ മാക്സ്‍വെല്ലും സ്റ്റോയിണിസുമെല്ലാം ഉടനെ തന്നെ മടങ്ങിയപ്പോഴും സ്മിത്ത് ക്രീസില്‍ നിലയുറപ്പിച്ചു. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ(45) കൂട്ടുപിടിച്ച് പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. ക്യാരിക്ക് ശേഷമായിരുന്നു കളിയുടെ ഗതിയും വേഗതയും മാറിയത്. കൌള്‍ട്ടര്‍നൈലിന്‍റെ വെടിക്കെട്ട് അവിടെ തുടങ്ങി. 60 പന്തുകളില്‍ നിന്ന് 92 റണ്‍സെടുത്ത് ആരാധകര്‍ക്ക് ആവേശമേകി കൌള്‍ട്ടര്‍നൈല്‍ കളം നിറഞ്ഞ് കളിച്ചു. ഒടുക്കം ആസ്ട്രേലിയന്‍ സ്കോര്‍ 288ല്‍ എത്തിച്ചു. 49 ഓവറില്‍ 288 റണ്‍സിന് കങ്കാരുക്കള്‍ പുറത്താവുകയായിരുന്നു. ടൂര്‍ണ്ണമെന്‍റിലെ രണ്ടാം വിജയം കൊയ്യാന്‍ കരീബിയന്‍ പടക്ക് 289 റണ്‍സ് കൂടി വേണം. ആസ്ട്രേലിയയോ, 10 വിക്കറ്റുകള്‍ അകലെ.