LiveTV

Live

Cricket

23 ദിവസങ്ങള്‍ മുമ്പ് എന്തൊക്കെയായിരുന്നു... ബുംറയെ ട്രോളിലൂടെ ആശംസകളേകി സെവാഗ്

എന്നാല്‍ കൃത്യം 23 ദിവസം മുമ്പ് ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള മത്സരത്തിലെ ഒരു രംഗം ഓര്‍ത്തെടുത്താണ് സെവാഗ് ബുംറയെ ട്രോളിയത്

23 ദിവസങ്ങള്‍ മുമ്പ് എന്തൊക്കെയായിരുന്നു... ബുംറയെ ട്രോളിലൂടെ ആശംസകളേകി സെവാഗ്

തന്‍റെ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കിയ ജസ്പ്രിത് ബുംറയെ ട്രോളുകയും അതിലൂടെ ആശംസകള്‍ നല്‍കുകയും ചെയ്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ തന്‍റെ ആദ്യ സ്പെല്ലില്‍ തന്നെ ഹഷീം അംലയുടെയും ക്വിന്‍റിന്‍ ഡികോക്കിന്‍റെയും വിക്കറ്റെടുത്ത് ഇന്ത്യക്ക് ആധിപത്യം സൃഷ്ടിക്കാന്‍ ബുംറക്കായി. എന്നാല്‍ കൃത്യം 23 ദിവസം മുമ്പ് ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെയുള്ള മത്സരത്തിലെ ഒരു രംഗം ഓര്‍ത്തെടുത്താണ് സെവാഗ് ബുംറയെ ട്രോളിയത്.

സൂപ്പര്‍ കിങ്സിനെതിരെ പത്തൊമ്പതാം ഓവര്‍ എറിയുകയായിരുന്നു ബുംറ. മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായി മുന്നോട്ട് പോകുന്നു. ബുംറ എറിഞ്ഞ ഒരു ഹൈ ഷോട്ട് പിച്ച് ബൌണ്‍സര്‍ വിക്കറ്റ് കീപ്പറായ ഡിക്കോക്ക് വിട്ടു കളയുന്നു. കളി നിര്‍ണ്ണായക ഘട്ടത്തിലായതിനാല്‍ ചെന്നൈക്ക് അത് ഒരു ബോണസായിരുന്നു. ആ പന്ത് കൈവിട്ട് കളഞ്ഞതിന്‍റെ സങ്കടത്തില്‍ നില്‍ക്കുന്ന ഡിക്കോക്കിന്‍റെ അടുത്ത് വന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ബുംറയുടെ ചിത്രം അന്ന് തന്നെ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

എന്നാല്‍, ലോകകപ്പില്‍ തന്‍റെ മനോഹരമായ ലെങ്ങ്ത്ത് ബോളുകളിലൂടെ ഡിക്കോക്കിനെ ബുംറ ശരിക്കും വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിക്കറ്റ് നേടുകയും ചെയ്തു. അന്ന് ഐ.പി.എല്‍ ഫൈനലില്‍ ഡിക്കോക്കിനോട് ബുംറ കാണിച്ച ദയയും ദാക്ഷിണ്യവും ഇന്ന് എവിടെ പോയി എന്ന് ചോദിച്ചായിരുന്നു സെവാഗിന്‍റെ ട്വീറ്റ്.

കൃത്യം 23 ദിവസം മുമ്പ് വലിയ രീതിയിലുള്ള ദയ ഡിക്കോക്കിനോട് കാണിച്ചു. പക്ഷെ, ഇന്ന് അതെല്ലാം എവിടെ പോയി? ജസ്പ്രിത് ബുംറ, മനോഹരമായ സ്പെല്‍. ഇങ്ങനെയായിരുന്നു ട്വീറ്റ്.