LiveTV

Live

Cricket

ലങ്കന്‍ സിംഹങ്ങളെ കെട്ടുകെട്ടിച്ച് കറുത്ത ചെകുത്താന്മാര്‍

136 റൺസ് മാത്രം നേടിയ ശ്രീലങ്കക്ക് 30 ഓവർ പോലും പിടിച്ച് നിൽക്കാനായില്ല

ലങ്കന്‍ സിംഹങ്ങളെ കെട്ടുകെട്ടിച്ച് കറുത്ത ചെകുത്താന്മാര്‍

2019 ലോകകപ്പ് ടി-20 ലോകകപ്പാണോ എന്ന സംശയം ഉളവാക്കുന്ന ഫലങ്ങളാണ് കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിന്നും പുറത്ത് വന്നത്. വെസ്റ്റ് ഇന്‍റീസ് പാകിസാതാനെ 13 ഓവറില്‍ മലര്‍ത്തിയടിച്ചെങ്കില്‍ ഇന്ന് ന്യൂസിലാന്‍റ് പതിനേഴാം ഓവറില്‍ ശ്രീലങ്കയെ കെട്ടുകെട്ടിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ 137 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന കിവികള്‍ 10 വിക്കറ്റിനാണ് വിജയിച്ചത്. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്ടിലും കോളിന്‍ മുന്റോയും അര്‍ദ്ദസെഞ്ച്വറി കുറിച്ചപ്പോള്‍ വിജയം എളുപ്പമായി. ഗപ്ടില്‍ 51 പന്തുകളില്‍ നിന്നും 73 റണ്‍സടിച്ചപ്പോള്‍ മുന്റോ 47 പന്തുകളില്‍ നിന്നും 58 റണ്‍സടിച്ചു. ശ്രീലങ്കന്‍ ബൌളിങ്ങിന് ഒന്നും ചെയ്യാനായില്ല എന്നത് വസ്തുതയായി നിലനില്‍ക്കുകയാണ്. ചുരുക്കത്തില്‍ ശ്രീലങ്ക അക്ഷരാര്‍ഥത്തില്‍ നിഷ്പ്രഭമായി എന്നുതന്നെ പറയാന്‍ സാധിക്കും.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 136 റൺസ് മാത്രം നേടിയപ്പോള്‍, 30 ഓവർ പോലും പിടിച്ച് നിൽക്കാനായില്ല. 84 ബോളിൽ നിന്നായി 52 റൺസെടുത്ത ക്യാപ്റ്റൻ ദിമുത് കരുണരത്നെ മാത്രമാണ് പിടിച്ചു നിന്നത്. 29 റൺസെടുത്ത കുശാൽ പെരേരയും തിസാര പെരേരയും മാത്രമാണ് രണ്ടക്കം കടന്ന മറ്റു താരങ്ങൾ. കിവീസിനായി മാറ്റ് ഹെന്രിയും ലോക്കി ഫെർഗൂസനും മൂന്ന് വീതം വിക്കറ്റുകൾ നേടി. കാർഡിഫിലെ സോഫിയ ഗാർഡൻസിലാണ് മത്സരം.