LiveTV

Live

Cricket

പാകിസ്താന്‍ മരിച്ചു, വെസ്റ്റ് ഇന്‍റീസ് കൊന്നു

നാല് വിക്കറ്റ് നേടിയ ഓഷാനെ തോമസും മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറുമാണ് പാക് ബാറ്റിങ് നിരയുടെ വേരറുത്തത്

പാകിസ്താന്‍ മരിച്ചു, വെസ്റ്റ് ഇന്‍റീസ് കൊന്നു

തങ്ങളുടെ ആദ്യ ലോകകപ്പ് മത്സരത്തില്‍ പാകിസ്താനെ തറ പറ്റിച്ച് വെസ്റ്റ് ഇന്‍റീസ്. മുന്‍തൂക്കത്തിന്‍റെ ഒരു ചെറിയ കണിക പോലും പാകിസ്താന് നല്‍കാതെ അനായാസ വിജയം കരസ്ഥമാക്കിയിരിക്കുകയാണ് കരീബിയന്‍ പട. 21.4 ഓവറില്‍ 105 റണ്‍സിന് മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍റീസ് 13.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 19 പന്തുകളില്‍ നിന്നും 34 റണ്‍സെടുത്ത നിക്കോളാസ് പുരാനും 50 റണ്‍സെടുത്ത ക്രിസ് ഗെയിലും വിന്‍റീസിന്‍റെ വിജയം വളരെ എളുപ്പമാക്കി. 34 പന്തുകളില്‍ നിന്നും മൂന്ന് സിക്സും ആറ് ഫോറും അടങ്ങുന്നതായിരുന്നു ഗെയിലിന്‍റെ ഇന്നിങ്സ്. ഇതെന്താ 20-20 മത്സരമാണോ എന്ന് തോന്നിക്കുന്ന രീതിയില്‍ അവസാനിച്ച മത്സരത്തിന്‍റെ സമ്പൂര്‍ണ്ണ ആധിപത്യവും വിന്‍റീസ് നിരക്കായിരുന്നു. പാകിസ്താന് വേണ്ടി മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് അമീര്‍ ആയിരുന്നു.

ടോസ് നേടി ബൌളിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍റീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറിന് തെറ്റിയില്ല. ഡ്രൈ ആയ പിച്ചില്‍ വെസ്റ്റ് ഇന്‍റീസ് തങ്ങളുടെ പേസിലും ബൌണ്‍സിലും പാകിസാതാനെ അക്ഷരാര്‍ഥത്തില്‍ കുരുക്കിലാക്കി. 21 ഓവറില്‍ 105 റണ്‍സ് മാത്രമെടുത്ത് പാകിസതാന്‍ കളമൊഴിഞ്ഞപ്പോള്‍ കരീബിയന്‍ പട വിജയത്തിലേക്കുള്ള ആദ്യ പടി എളുപ്പത്തില്‍ കയറിയെന്ന് പറയാം.

നാല് വിക്കറ്റ് നേടിയ ഓഷാനെ തോമസും മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറുമാണ് പാക് ബാറ്റിങ് നിരയുടെ വേരറുത്തത്. 22 റണ്‍സ് വീതമെടുത്ത ഫക്കാര്‍ സമാനും ബാബര്‍ ആസമുമാണ് പാക് നിരയിലെ ടോപ് സ്കോറര്‍മാര്‍. ഐ.പി.എല്ലിലെ അമരക്കാരന്‍ ആന്ദ്രേ റസല്‍ രണ്ട് വിക്കറ്റും കൊയ്തു. വിക്കറ്റുകളുടെ പെരുമഴയില്‍ ഷെല്‍ഡണ്‍ കോര്‍ട്ടലും ഒരു വിക്കറ്റ് നേടി.