LiveTV

Live

Cricket

ആദ്യ അങ്കം ജയിച്ച് ഇംഗ്ലീഷ് പട

ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്ലങ്കറ്റ് രണ്ട് വിക്കറ്റെടുത്തു

ആദ്യ അങ്കം ജയിച്ച് ഇംഗ്ലീഷ് പട

അങ്ങനെ ആദ്യ അങ്കം ജയിച്ച് ആതിഥേയർക്ക് ലോകകപ്പ് പരമ്പരയില്‍
ഗംഭീര തുടക്കം. ആദ്യ ലോകകപ്പ് മത്സരത്തിൽ 104 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇംഗ്ലീഷുകാർ പരാജയപ്പെട്ടുത്തിയത്. ബാറ്റ് കൊണ്ടും ബോള്‍ കൊണ്ടും വിസമയം തീര്‍ത്ത ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റിന് 311 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കയുടെ പോരാട്ടം 207 റൺസില്‍ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബെന്‍ സ്റ്റോക്സും പ്ലങ്കറ്റും രണ്ട് വിക്കറ്റ് വീതമെടുത്തു.

ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സ് മുന്നിൽ നിന്ന് പടനയിച്ചപ്പോൾ, സ്കോർ ബോർഡ് അല്ലലില്ലാതെ ചലിച്ചു. സ്റ്റോക്സിന് കൂട്ടായി ഓപണർ ജെയസൻ റോയ് (54), റൂട്ട് (51), നായകൻ ഇയോൻ മോർഗൻ (57) എന്നിവരും മികച്ച പിന്തുണ നൽകിയപ്പോൾ ഇംഗ്ലണ്ട് സ്കോർ 300 കടക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുംഗി എങ്കിടി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇമ്രാന്‍ താഹിര്‍, റബാഡ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

കൂറ്റൻ സ്കോറിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കക്കായി ഓപ്പണർ ഡികോക്ക് (68) പ്രതീക്ഷ നൽകിയെങ്കിലും ഒരറ്റത്ത് നിന്നും വിക്കറ്റുകൾ വീണത് തിരിച്ചടിയായി. വാൻ ഡെർ ഡസ്സൻ അൻപതും ഫെലുക്വായൊ 24 റൺസുമെടുത്തു.