LiveTV

Live

Cricket

പന്തിന് ഒഴിവാക്കി കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍

‘സമ്മര്‍ദ്ദഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ദിനേശിന് സാധിക്കും. മികച്ച അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും’

പന്തിന് ഒഴിവാക്കി കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതിന് പിന്നില്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നായകന്‍ വിരാട് കോഹ്‌ലി. ഫോമിലുള്ള ഋഷഭ് പന്തിനെ അവസാന പതിനഞ്ചില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു. ഗാംഗുലി അടക്കുള്ള മുതിര്‍ന്ന താരങ്ങള്‍ പന്തിന്റെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന് തുറന്നു പറയുകയും ചെയ്തിരുന്നു.

ഋഷഭ് പന്ത്
ഋഷഭ് പന്ത്

'അനുഭവ സമ്പത്തും സ്ഥിരതയുമാണ് പന്തിന് പകരം കാര്‍ത്തിക്കിനെ തെരഞ്ഞെടുക്കാന്‍ കാരണമായത്. സമ്മര്‍ദ്ദഘട്ടങ്ങളില്‍ നന്നായി കളിക്കാന്‍ ദിനേശിന് സാധിക്കും. മികച്ച അനുഭവ സമ്പത്തുണ്ട്. ധോണിയില്ലാതെ വന്നാല്‍ വിക്കറ്റ് കീപ്പറാകാനും സാധിക്കും. ഫിനിഷര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ്. അതുകൊണ്ടാണ് ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണ്ണമെന്റില്‍ കാര്‍ത്തിക് മതിയെന്ന് തീരുമാനിച്ചത്' വിരാട് വിശദീകരിക്കുന്നു.

ദിനേശ് കാര്‍ത്തിക്
ദിനേശ് കാര്‍ത്തിക്

2004 ല്‍ ആദ്യ ഏകദിനം കളിച്ച ദിനേശ് കാര്‍ത്തിക് ഇതുവരെ 91 ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഋഷഭ് പന്ത് അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളത്. അനുഭവ സമ്പത്തിനൊപ്പം ബാറ്റിങ് ഓര്‍ഡറില്‍ എവിടെ വേണമെങ്കിലും കളിപ്പിക്കാമെന്നതും കാര്‍ത്തിക്കിനെ തുണച്ചു.

മികച്ച താരങ്ങളെയാണ് ഒഴിവാക്കേണ്ടി വന്നത്. കഴിവുറ്റ താരങ്ങളില്‍ നിന്നും 15 പേരെ മാത്രം തെരഞ്ഞെടുക്കുക എളുപ്പമുള്ള ജോലിയല്ലെന്നായിരുന്നു രവിശാസ്ത്രിയുടെ പ്രതികരണം. ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ എം.എസ് ധോണി ഒന്നാം വിക്കറ്റ് കീപ്പറും ദിനേശ് കാര്‍ത്തിക് പകരക്കാരനുമാണ്. മെയ് 30 മുതലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. മെയ് 23 വരെ ടീമില്‍ മാറ്റം വരുത്താനുള്ള അവസരമുണ്ട്.