LiveTV

Live

Cricket

മുംബൈ ബാറ്റിങ്ങിനെ വെട്ടിലാക്കി ധോണിപ്പട 

ഫാസ്റ്റ് ബൌളിങ്ങിനെ കൂടുതല്‍ തുണക്കുന്ന പിച്ചില്‍ റണ്‍ ഒഴുകുമെന്നാണ് പ്രതീക്ഷിക്കുന്നത്

മുംബൈ ബാറ്റിങ്ങിനെ വെട്ടിലാക്കി ധോണിപ്പട 

ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈക്ക് 150 റണ്‍സ് വിജയലക്ഷ്യം. ചെന്നൈക്ക് മേല്‍ ആധികാരികമായ ആധിപത്യം സ്ഥാപിച്ചുകൊണ്ടായിരുന്നു മുംബൈയുടെ തുടക്കം. ക്വിന്‍റിന്‍ ഡി കോക്ക് ചഹാറിനെ കണക്കിന് പ്രഹരിച്ചപ്പോള്‍ ഒരു ഓവറില്‍ പിറന്നത് മൂന്ന് സിക്സറുകള്‍. രോഹിത് ശര്‍മ്മയുടെയും ഡിക്കോക്കിന്‍റെയും വലത് - ഇടത് കോമ്പിനേഷന്‍ മുംബൈയുടെ ഗെയിം പ്ലാന്‍ അനുസരിച്ച് മുന്നേറവെ ശര്‍ദുല്‍ ടാക്കൂറിന്‍റെ ബൌണ്‍സറില്‍ സിക്സറിന് ശ്രമിച്ച ഡിക്കോക്ക് ധോണിയുടെ ഗ്ലൌവില്‍ കുടുങ്ങി. 29 റണ്‍സെടുത്ത് ഡിക്കോക്ക് പുറത്തായതോടെ ധോണി ചഹാറിനെ വീണ്ടും കളത്തിലിറക്കി. അത് മികച്ച തീരുമാനമായെന്ന് തെളിയിക്കുന്ന തരത്തില്‍ ചഹാര്‍ പന്തെറിഞ്ഞപ്പോള്‍ ഹിറ്റ്മാനും(15) കീഴടങ്ങി. അതിനുശേഷം ചെന്നൈയുടെ തിരിച്ചുവരവിന് ഹൈദരാബാദ് സാക്ഷ്യം വഹിച്ചു. സ്പിന്നും മീഡിയം പേസും പിച്ചില്‍ ബാറ്റിങ്ങിന്‍റെ വേഗത കൂട്ടി. ധോണി തന്‍റെ ആവനാഴിയിലെ എല്ലാ അമ്പുകളും ഓരോന്നായി എടുക്കാന്‍ തുടങ്ങി. പ്രതിരോധം തീര്‍ത്ത് സൂര്യകുമാറും ഇഷാന്‍ കിഷനും ക്രീസില്‍ തുടര്‍ന്നു. അത് മുംബൈക്ക് ഗുണം ചെയ്യുക തന്നെ ചെയ്തു. ഓഫ് സ്പിന്നര്‍മാരെ നേരിടുന്നതില്‍ തനിക്കുള്ള പാടവം ഇഷാന്‍ കിഷന്‍ ഹര്‍‌ബജന്‍റെ പന്തുകള്‍ നേരിട്ടപ്പോള്‍ ഉപയോഗപ്പെടുത്തി.

പക്ഷെ താഹിര്‍ മുംബൈ സ്വപ്നങ്ങള്‍ക്ക് വിലങ്ങിട്ടു. എറിഞ്ഞ രണ്ടാമത്തെ പന്തില്‍ തന്നെ സൂര്യകുമാര്‍ യാദവിനെ ക്ലീന്‍ ബൌള്‍ഡാക്കി താഹിര്‍ വരവറിയിച്ചു. അടുത്ത ഓവറില്‍ തന്നെ സ്ലോ ബൌണ്‍സറിലൂടെ ടാക്കൂര്‍ ക്രുണാല്‍ പാണ്ഡ്യയെയും പുറത്താക്കി. വീണ്ടും മുംബൈ സമ്മര്‍‌ദത്തിലായി. ആ സമ്മര്‍ദം കൃത്യമായി മുതലെടുക്കാന്‍ ചെന്നൈക്കായി. താഹിര്‍ വീണ്ടും മുംബൈക്ക് വേണ്ടി വിക്കറ്റെടുത്തു. റെയ്നയുടെ കൈകളിലേക്ക് ഇഷാന്‍ കിഷന്‍ കൊടുത്ത ക്യാച്ച് താഹിറിന്‍റെ ഈ സീസണിലെ ഇരുപത്തിയാറാം വിക്കറ്റായി മാറി. ആധികാരികമായി പര്‍പ്പിള്‍ ക്യാപ് താഹിറിന്‍റെ തലയില്‍ ഭദ്രം. ക്രീസില്‍ പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയും. രണ്ട് വെടിക്കെട്ട് ബാറ്റ്സ്മാന്‍മാരുടെ കലാശക്കൊട്ട് പ്രതീക്ഷിച്ച് ഹൈദരാബാദ് കാത്തിരിക്കുന്നു. പതിനെട്ടാം ഓവറില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാച്ച് റെയ്ന കൈവിട്ട് കളഞ്ഞത് ആരാധകരെ നിരാശയിലാക്കി. അതിന് അടുത്ത പന്തില്‍ തന്നെ ചെന്നൈക്ക് മറുപടിയും ലഭിച്ചു. ഹാര്‍ദ്ദികും പൊള്ളാര്‍ഡും പ്രതീക്ഷക്കൊത്ത് ബാറ്റ് വീശാന്‍ തുടങ്ങി. ഒരു നിമിഷം തീര്‍ത്തും അപകടകാരിയെന്ന് തോനിപ്പിച്ച പാണ്ഡ്യയെ പത്തൊന്‍പതാം ഓവറില്‍ ചഹാര്‍ എല്‍.ബി.ഡബ്യുവില്‍ കുരുക്കി. ക്രീസിലേക്ക് എത്തിയ രാഹുല്‍ ചഹാര്‍ രണ്ടാമത്തെ പന്തില്‍ തന്നെ മടങ്ങി. ചെന്നൈയുടെ കൌണ്ടര്‍ അറ്റാക്ക് ഫലം കണ്ടു. ചഹാറിന് മുന്നാമത്തെ വിക്കറ്റ്. മുംബൈ ഡഗ് ഔട്ട് ആശങ്കയുടെ നിഴലില്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍റെ പോലും മുഖം വാടിയ നിമിഷം. ആവറേജ് ടോട്ടല്‍ 175ല്‍ നില്‍ക്കുന്ന പിച്ചില്‍ മുംബൈ ബാറ്റിങ് ചെന്നൈയുടെ ബൌളിങ്ങിന് മുന്നില്‍ പതറുകയായിരുന്നു. അവസാനം ഇന്നിങ്സ് അവസാനിക്കുമ്പോള്‍ ചെന്നൈക്ക് മുന്നില്‍ 150 റണ്‍സ് വിജയ ലക്ഷ്യം മുംബൈ പടുത്തുയര്‍ത്തി